സ്വകാര്യബസിന്റെ വേഗപ്പാച്ചിലിൽ അപകടം ; സ്കൂട്ടര്‍ യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു
1544440
Tuesday, April 22, 2025 6:35 AM IST
കൊല്ലം: നഗരത്തില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാകുന്നു. എസ്എന്‍ കോളജിന് സമീപത്തെ വി- പാര്ക്കിന് മുന്നില്‍ ഇന്നലെ രാവിലെ നടന്ന അപകടമാണ് ഏറ്റവും ഒടുവിലത്തേത്. ഈ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കോളജ് ജംഗ്ഷനില്‍നിന്ന് കൊല്ലം ഭാഗത്തേക്ക് അമിതവേഗതിയിൽ എത്തിയ സ്വകാര്യ ബസ്, സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് സമീപത്തെ റെയില്‍വേ മേല്‍പ്പാലം ഇറങ്ങിവന്ന് മെയിന്‍ റോഡിലേക്കിറങ്ങിയ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രികന് ബസിനടിയിലേക്ക് വീണു. എന്നാല്‍ ചക്രങ്ങള്‍ കയറിയിറങ്ങാതെ ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാലിനടക്കം സാരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ബസിനടിയില്‍ നിന്ന് പുറത്തേക്കെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്വകാര്യബസ് അമിതവേഗത്തിലാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരം അറിഞ്ഞ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂട്ടര്‍ പുറത്തെടുത്തത്. കൊല്ലം - ചവറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗോപാലകൃഷ്ണനെന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്.