വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയകക്ഷികളും സഹകരിക്കണം: ജില്ലാ കളക്ടര്‍
1544428
Tuesday, April 22, 2025 6:35 AM IST
കൊല്ലം :പരാതിരഹിത-കുറ്റമറ്റ നിലയിലുള്ള വോട്ടര്‍ പട്ടിക തയാറാക്കുന്നതിന് രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിന്റെ പൂര്‍ണപിന്തുണ അനിവാര്യമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ഇ- റോള്‍ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ചേമ്പറില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചാണ് നിര്‍ദേശം.
മരണപ്പെട്ടവര്‍ ഉള്‍പ്പെടെ ഒഴിവാക്കണ്ടവരുടെ എണ്ണത്തിന് അനുസരിച്ച് ഫോമുകള്‍ ജനറേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവരം നല്‍കണമെന്ന് അറിയിച്ചു.
അസാന്നിധ്യം, സ്ഥലംമാറ്റം, മരണം (ആബ്സന്‍സ്, ഷിഫ്റ്റ്, ഡെത്ത്) എന്നിവ ഉള്‍പ്പെട്ട പട്ടികയ്ക്ക് അനുസൃതമായി ബന്ധപ്പെട്ട ഫോമുകള്‍ തയാറാക്കി. മരണപ്പെട്ട 12097 പേരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനും നടപടിയായി.പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷന് തലത്തില്‍ ആവശ്യമായ നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടി തലത്തിലും സ്വീകരിക്കണം. ജില്ലയിലെ 1957 പോളിംഗ് സ്റ്റേഷനുകളിലും ബിഎല്‍ഒ, ബിഎല്‍എ യോഗങ്ങള്‍ പൂര്‍ത്തിയാക്കി.