പേരയം പഞ്ചായത്തിൽ ആനന്ദോത്സവം നടത്തി
1516011
Thursday, February 20, 2025 5:35 AM IST
കുണ്ടറ: പേരയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി "ആനന്ദോത്സവം 2025" കാഞ്ഞിരകോട് സെന്റ് മാർഗ്രറ്റ് ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസവും കലാപരമായ വളർച്ചയും ലക്ഷ്യമിട്ടാണ് പേരയം പഞ്ചായത്തിൽ ആനന്ദോത്സവം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് പാപ്പച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ആലിസ് ഷാജി, പി. രമേശ് കുമാർ, ചെറുപുഷ്പം ബി. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയ്, എൻ അലീമ, മേരിലത, ഹെഡ്മിസ്ട്രസ് എ. കൊളാസ്റ്റിക്ക എന്നിവർ പ്രസംഗിച്ചു.
കലാ മത്സരങ്ങളിൽ പങ്കാളികളായവർക്ക് സമ്മാനം നൽകി. നിലവിൽ നൽകുന്ന സ്കോളർഷിപ്പിനു പുറമെ 2025 -26 പദ്ധതിവർഷം ഭിന്നശേഷിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അറിയിച്ചു.