‘ഓക്സെല്ലോ' സംസ്ഥാനതല കാമ്പയിനുമായി കുടുംബശ്രീ
1516359
Friday, February 21, 2025 6:25 AM IST
കൊല്ലം: ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന ‘ഓക്സെല്ലോ' സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും. അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കും. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കും.
വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന് ലക്ഷ്യമിടുന്നു.
ഈ മാസം ഓരോ ജില്ലയിലും ഒരു ബ്ളോക്ക് വീതം തെരഞ്ഞെടുത്ത് അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും.
ഒരു കുടുംബത്തിലെ 18നും 40നും ഇടയില്‍ പ്രായമുള്ള ഒന്നിലധികം യുവതികള്‍ക്ക് ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമെടുക്കാനാകും. സിഡിഎസുകളില്‍ നിന്നാണ് അഫിലിയേഷന് എടുക്കേണ്ടത്.
ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തോടൊപ്പം അംഗങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കുകയാണ് ലക്ഷ്യം. തദ്ദേശീയബിസിനസ് മാതൃകകള്‍ പഠിക്കുന്നതിനും നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരമൊരുക്കും.
ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക സഹായവും ലഭ്യമാക്കും. വൈജ്ഞാനിക മേഖലയിലെ തൊഴില്‍ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും.