മത്സ്യത്തൊഴിലാളികൾ കടലിൽ രാപ്പകൽ സമരം നടത്തും
1516008
Thursday, February 20, 2025 5:35 AM IST
കൊല്ലം: കടൽ മണൽ ഖനനത്തിന് എതിരേ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോർട്ട് കൊല്ലം ഫിഷിംഗ് ഹാർബറിൽ കടലിൽ രാപ്പകൽ സമരം നടത്തും. 22 ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സമരം 23 ന് രാവിലെ എട്ടിന് സമാപിക്കും.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സമരം. ഇന്ത്യയിൽ ആദ്യമായാണ് കടലിൽ രാപ്പകൽ സമരം നടക്കുന്നതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ നിരത്തി പകലും രാത്രിയിലും അതിൽ ഇരുന്ന് സത്യഗ്രഹം നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മന്ത്രി രമേശ് ചെന്നിത്തല, എംപിമാരായ കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ സി.ആർ. മഹേഷ്, എം. വിൻസന്റ് തുടങ്ങിയവരും സമരത്തിൽ പങ്കാളികളാകും. കടൽ ഖനന പദ്ധതിയുമായി ബിജെപി സർക്കാർ മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച ടെൻഡർ നടപടികൾ 27 ന് അവസാനിക്കും. 28 ന് ബിഡ് നിശ്ചയിക്കും. ഇതുവഴി കേന്ദ്ര സർക്കാർ കേരളത്തിലെ മത്സ്യമേഖലയുടെ മരണമണി മുഴക്കിക്കഴിഞ്ഞതായി ടി.എൻ. പ്രതാപൻ ആരോപിച്ചു.
സിഐടിയു, എഐടിയുസി തുടങ്ങിയ സംഘടനകൾ മത്സ്യ തൊഴിലാളി കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായി സംയുക്ത സമരങ്ങളിൽ പങ്കെടുക്കും. എന്നാൽ സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന്അദ്ദേഹം കുറ്റപ്പെടുത്തി.
കൊല്ലം, ആലപ്പുഴ, ചാവക്കാട്, പൊന്നാനി കടലുകളിലാണ് ഖനനം നിശ്ചയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ കൊല്ലം പരപ്പിൽ നിന്നാണ് ഖനനം നടത്തുന്നത്. അതിനാലാണ് കൊല്ലം കേന്ദ്രീകരിച്ച് സംസ്ഥാന തല സമര പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിലെ വിവിധ ഘടകകക്ഷികൾ ഈ വിഷയത്തിൽ വ്യത്യസ്തമായ സമരം നടത്തുന്നുണ്ട്. അതിനെല്ലാം കോൺഗ്രസ് പിന്തുണ നൽകും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തീരദേശ പദയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളാണ് പദയാത്രയുടെ നേതൃത്വം ഏറ്റെടുക്കുക.
മത്സ്യത്തൊഴിലാളി സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി 27 ന് പ്രഖ്യാപിച്ചിട്ടുള്ള മത്സ്യമേഖലാ ഹർത്താലിനും മാർച്ച് 12 ന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിനും കോൺഗ്രസ് പിന്തുണ നൽകും.
പാർലമെന്റ് മാർച്ചിന് സംസ്ഥാന സർക്കാർ പിന്തുണ പ്രഖ്യാപിക്കണമെന്ന് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാ കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്.എഫ്. യേശുദാസൻ എന്നിവരും പങ്കെടുത്തു.