വേനല്‍ക്കാല ദുരന്ത സാധ്യതകള്‍; പ്രതിരോധത്തിന് ജാഗ്രത വേണം
1516367
Friday, February 21, 2025 6:29 AM IST
കൊല്ലം: ഉത്സവങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധ വേണമെന്ന് കളക്ടര്‍ എന്‍. ദേവിദാസ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടറുടെ നിർദേശം. വേനല്‍ക്കാലത്ത് ജില്ലയിലുണ്ടാകാവുന്ന ദുരന്ത സാധ്യതകള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെയിലത്ത് നിര്‍ത്തുന്നതും വെയിലത്ത് ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നതും കര്‍ശനമായി ഒഴിവാക്കണം. ഉത്സവ മേഖലകളില്‍ എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും എഴുന്നള്ളിപ്പിന് മുന്‍കൂര്‍ അനുമതിയും ഉണ്ടാകണം. വെടിക്കെട്ട് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുന്നതിനും ഉത്സവ സ്ഥലങ്ങളില്‍ അനിയന്ത്രിത തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി വന്നാല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും കളക്ടർ നിര്‍ദേശം നല്കി.
ചൂട് അനിയന്ത്രിതമായി വർധിക്കുകയും ചില ഭാഗങ്ങളില്‍ കാട്ടു തീ പടരുകയും ചെയ്ത സാഹചര്യത്തില്‍ കാട്ടു തീ പ്രതിരോധത്തിന് നടപടി സ്വീകരിക്കും. ഉഷ്ണ തരംഗ സാഹചര്യം മുന്‍കൂട്ടികണ്ട് ഉഷ്ണകാല രോഗങ്ങളും സൂര്യാഘാതവും മറികടക്കുന്നതിനായി വിവിധ വകുപ്പുകളും പൊതുജനങ്ങളും സ്വീകരിക്കേണ്ട തയാറെടുപ്പുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍, ജലദൗര്‍ലഭ്യം പരിഹരിക്കാനുള്ള നടപടികള്‍ എന്നിവയും യോഗത്തിൽ ചര്‍ച്ച ചെയ്തു.
പൊതുസ്ഥലങ്ങളില്‍ അഗ്നിബാധ തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ബോധവത്കരണ കാമ്പയിന് സംഘടിപ്പിക്കണം. ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയാകുന്ന സംഭവങ്ങള്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ യഥാസമയം കര്‍ശനമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് എഡിഎം നിര്‍ദേശം നല്കി.
സബ് കലക്ടര്‍ നിശാന്ത് സിന്‍ഹാര, എഡിഎം ജി നിര്‍മല്‍ കുമാര്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി. പ്രകാശ്, മറ്റ് വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ഫീഡ്സില് 25 പേര്‍ക്ക് സ്ഥിര നിയമന ഉത്തരവ് കൈമാറി.