ഷാപ്പിൽ ഇരുന്ന് മദ്യപാനം: എതിർത്ത ജീവനക്കാരന് ക്രൂരമർദനം
1516355
Friday, February 21, 2025 6:17 AM IST
കൊട്ടാരക്കര: പൂയപ്പള്ളി മീയ്യണ്ണൂരിൽ ഷാപ്പിലിരുന്ന് ബിയർ കുടിക്കുന്നത് തടഞ്ഞ ഷാപ്പ് ജീവനക്കാരനെ ക്രൂരമായി മർദി നാലംഗ സംഘത്തെ പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തു.
ആദിച്ചനല്ലൂർ തോട്ടത്തിൽ വീട്ടിൽ നെബു (32), ഒരുക്കുഴി പാറവിള വീട്ടിൽ പ്രദോഷ് (36), ചാത്തന്നൂർ പ്രവീൺ നിവാസിൽ പ്രശാന്ത് (35), കുമ്മല്ലൂർ തേങ്ങാതോട്ടത്തിൽ. വീട്ടിൽ ഷിബിൻ ( 35 )എന്നിവരാണ് പിടിയിലായത്.
ഷാപ്പ് ജീവനക്കാരൻ പൂയപ്പളളി നാൽക്കവല സ്വദേശി ജയകുമാറിനാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ജയകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. മീയ്യണ്ണൂർ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കെടിസിയുടെ ബിയർ പാർലറിൽ എത്തിയ സംഘം അവിടെ നിന്ന്ബിയർ വാങ്ങി ഒരു കുപ്പി മാത്രം കുടിച്ച ശേഷം ഒരു കുപ്പി അവിടെ വച്ച് തന്നെ അടിച്ച് പൊട്ടിക്കുകയായിരുന്നു. ബാക്കിയുള്ള ബിയർ കുപ്പികളുമായി തൊട്ടടുത്ത കള്ളുഷാപ്പിലെത്തിയ സംഘം ഷാപ്പിലിരുന്നു കുടിക്കുകയുമായിരുന്നു. ഷാപ്പിലിരുന്ന് ബിയർ കഴിക്കാൻ പറ്റില്ലെന്ന് ജീവനക്കാരൻ ജയകുമാർ പറഞ്ഞതും പിന്തിരിപ്പിക്കാൻ ശ്രമിച്ചതുമാണ് നാൽവർ സംഘത്തെ പ്രകോപിതരാക്കിയത്.
തുടർന്ന് നാൽവർ സംഘം ജയകുമാറിനെ അസഭ്യം പറയുകയും ബിയർ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. നിലത്ത് വീണ ജയകുമാറിനെ ചവിട്ടുകയും അടിയ്ക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും സംഘം കാറിൽക്കയറി രക്ഷപെട്ടു. പൂയപ്പള്ളി പോലീസ് സംഘത്തെ പിൻ തുടർന്ന് കുമ്മല്ലൂർ പാലത്തിന് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.
പൂയപ്പള്ളി സ്റ്റേഷനിലെ എസ്ഐമാരായ അനീസ്, ബിനു ജോർജ് , സിപിഒ അജിരാജൻ, ഹോംഗാർഡ് ജോയിക്കൂട്ടി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.