ഓടനാവട്ടം സ്കൂളിലെ ശുചിമുറി: പരാതി പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം
1516009
Thursday, February 20, 2025 5:35 AM IST
കൊല്ലം : കൊട്ടാരക്കര വെളിയം ഓടാനവട്ടം കെ.ആർ.ജി.പി.എം. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് ആവശ്യാനുസരണം ശുചിമുറി സൗകര്യമില്ലെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം വി. ഗീത കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് നിർദേശം നൽകിയത്.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1500 ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. ശുചിമുറികൾ സംബന്ധിച്ച് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ സ്കൂളിൽ ലഭ്യമല്ലെന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശുചിമുറികൾ തുറന്നു നൽകിയിട്ടില്ല.
ഹൈസ്കൂളിലെയും യുപിയിലെയും വിദ്യാർഥികൾക്ക് ശുചിമുറി ഉപയോഗിക്കണമെങ്കിൽ റോഡ് മുറിച്ചു കടക്കേണ്ട സ്ഥിതിയാണുള്ളത്. മൂത്രപ്പുരകൾ പൊതു ശൗചാലയങ്ങളേക്കാൾ വൃത്തിഹീനമാണെന്ന് പരാതിയിൽ പറയുന്നു.
മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം കുട്ടികൾ വെള്ളം കുടിക്കാറില്ലെന്നും ഇത് യൂറിനറി ഇൻഫക്ഷന് കാരണമാകാറുണ്ടെന്നും പരാതിയിൽ പറയുന്നു. എസ്. സൗമ്യ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.