സംസ്ഥാന സമ്മേളനം: സാംസ്കാരികോത്സവം ഇന്ന്
1516366
Friday, February 21, 2025 6:29 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കൾച്ചറൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ഇന്നു നടക്കും. ആശ്രാമം ശ്രീനാരായണ സമുച്ചയത്തിൽ രാവിലെ 9.30 ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭാവർമ്മ മുഖ്യാതിഥി ആയിരിക്കും.
കാർട്ടൂൺ, കഥാപ്രസംഗം, കവിതാലാപനം, സംസ്ഥാനതല ക്വിസ്, പ്രസംഗം, മുദ്രാവാക്യ മത്സരം എന്നിവ നടക്കും. വൈകുന്നേരം മൂന്നിന് ഓപ്പൺ ഫോറം നടക്കും. അഡ്വ. ഡി. സുരേഷ് കുമാർ മോഡറേറ്ററായിരിക്കും. ഡോ. മ്യൂസ് മേരി ഉദ്ഘാടനം ചെയ്യും.
എസ്.ആർ. ലാൽ, ഡോ. മനോജ് വെള്ളനാട്, ബീനാ സജീവ് എന്നിവർ സംബന്ധിക്കും. നാലിന് ജനകീയ ക്വിസ്, അഞ്ചിന് സാംസ്ക്കാരിക സമ്മേളനവും സമ്മാനദാനവും നടനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും.ആശ്രാമം ശ്രീനാരായണ സമുച്ചയത്തിൽ 24നും 25 നും ചലച്ചിത്രോത്സവവും നടക്കും.