അഷ്ടമുടി കായൽ സംരക്ഷണക്കേസ് : നടപടികളുടെ റിപ്പോർട്ട് വൈകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി
1516357
Friday, February 21, 2025 6:25 AM IST
കൊല്ലം : അഷ്ടമുടി കായൽ സംരക്ഷണക്കേസുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച റിപ്പോർട്ട് വൈകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും നടപടികൾ വേഗതയിലാക്കുന്നതിനും എല്ലാ എതിർകക്ഷികളുടെയും സംയുക്ത യോഗം വിളിച്ചുകൂട്ടി ഫയൽ ചെയ്യണമെന്നാണ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്.
എന്നാൽ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ച് ഇതിൽ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സ്പെഷ ൽ സെക്രട്ടറിയും ആണ് യോഗം വിളിച്ചുകൂട്ടി റിപ്പോർട്ട് ഫയൽ ചെയ്യേണ്ടത്.
അഞ്ചിന് കോടതി ഉത്തരവ് നൽകിയെങ്കിലും 17 നു മാത്രമാണ് യോഗം ചേർന്നത്. ഹർജികക്ഷികളായ അഡ്വ. ബോറിസ് പോൾ, ഹെൽപ് ഫൗണ്ടേഷൻ എന്നിവർ കോടതി നിർദേശ പ്രകാരം ഫയൽ ചെയ്ത വിശദമായ പത്രികയിൽ വിവിധ വകുപ്പുകൾ കായൽ സംരക്ഷണത്തിനായി ഉടനെ നടപ്പിലാക്കേണ്ട കാര്യങ്ങളും അതിനായി കോടതിയിൽ നൽകേണ്ടതായ നിർദേശങ്ങളും വിവരിച്ചിരുന്നു.
ഹർജി കക്ഷികൾ കോടതി മുമ്പാകെ സമർപ്പിച്ച പത്രികയിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും അവ എന്തുകൊണ്ട് നടപ്പാക്കിക്കൂടാ എന്നതിൽ വ്യക്തമായ തീരുമാനങ്ങൾ എടുത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവായി.
ഇതിനായി തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും ഉടനെ കേസിലെ എതിർകക്ഷികളായ കൊല്ലം കോർപ്പറേഷൻ, 12 പഞ്ചായത്തുകൾ, കൊല്ലം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുകൂട്ടണമെന്നും റിപ്പോർട്ട് ഉടനെ സമർപ്പിക്കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.
മാർച്ച് നാലിന് കേസ് വീണ്ടും പരിഗണിക്കും. ഹർജി കക്ഷികൾക്കു വേണ്ടി അഭിഭാഷകരായ അജ്മൽ. എ. കരുനാഗപ്പള്ളി, സി.എ. ധനുഷ്, എം.ആർ. പ്രിയങ്ക ശർമ, എം.ജി. അനന്യ എന്നിവർ ഹാജരായി.