വരും തലമുറയെ ഹിന്ദുത്വവാദികളാക്കുക സംഘപരിവാർ ലക്ഷ്യം: ഡോ. അമർ ഫറുഖി
1516005
Thursday, February 20, 2025 5:35 AM IST
കൊല്ലം: ചരിത്രത്തിന്റെ അപനിർമിതിയിലൂടെ അടുത്ത തലമുറയെ കേവല ഹിന്ദുത്വവാദികളാക്കുകയാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് ഡൽഹി സർവ്കലാശാല ചരിത്ര വിഭാഗം പ്രഫസർ ഡോ. അമർ ഫറുഖി. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി 'ചരിത്രത്തിന്റെ അപനിർമതിയും സാംസ്കാരിക രാഷ്ട്രീയവും' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
10 വർഷമായി ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ഹിന്ദുത്വ വർഗീയതയുടെ കീഴിലാക്കാനാണ് ശ്രമിച്ചു വരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറു നിന്ന് അവിഭക്ത ഇന്ത്യയിലേക്ക് കുടിയേറിയ ആര്യൻമാരെ സിന്ധു നദീതട സംസ്കാരത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം നടക്കുന്നതായും അതിനെ സഹായിക്കുന്ന തരത്തിൽ പഠനം നടത്താൻ ചരിത്ര കൗൺസിലിനെയും പൊതു നികുതിപ്പണവും വഴിവിട്ട് ഉപയോഗിക്കുന്നുവെന്നും അമർ ഫറുഖി പറഞ്ഞു.
ഡോ. കെ.എൻ. ഗണേഷ് മോഡറേറ്ററായിരുന്നു. സെമിനാർ കമ്മിറ്റി ചെയർപേഴ്സൺ ജെ. മേഴ്സികുട്ടിയമ്മ, എം.സ്വരാജ്, എം. എച്ച്. ഷാരിയർ, ചിന്ത ജെറോം, വി.കെ. അനിരുദ്ധൻ, എസ്. അയൂബ്, അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ.ജി. ബിജു എന്നിവർ പ്രസംഗിച്ചു.