പാരിപ്പള്ളി അന്താരാഷ്ട്ര ചലച്ചിത്ര മേള നാളെ മുതൽ
1516363
Friday, February 21, 2025 6:25 AM IST
പാരിപ്പള്ളി: ഗണേശ് മെമ്മോറിയൽശാലയിലെ പാരിപ്പള്ളി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 11-മാത് പാരിപ്പള്ളി അന്താരാഷ്ട്ര ചലച്ചിത്രമേള 22 മുതൽ 26 വരെ പാരിപ്പള്ളി ഗണേശ് ഗ്രന്ഥശാല ഹാളിൽ നടക്കും. ചലച്ചിത്രകാരൻ പ്രഫ. വി. അലിയാർ ഉദ്ഘാടനം ചെയ്യും. ഗണേശ് ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ അനിൽ കുമാർ അധ്യക്ഷനാകും. അവിരാ റബേക്ക, സി.ആർ. അജയകുമാർ, രാരീഷ്. ആദ്യത്യബേബി തുടങ്ങിയ സംവിധായകരും ഗ്രന്ഥശാല സംഘം താലൂക്ക് - ജില്ലാ ഭാരവാഹികളും പങ്കെടുക്കും.
എല്ലാ ദിവസവും മേളയിലെ സിനിമകളെ സംബന്ധിച്ച ഓപ്പൺ ഫോറം ഉണ്ടാകും. 23 ന് കേരള ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിലുളള എംടി ഫോട്ടോ എക്സിബിഷനടക്കമുള്ള എംടി സ്മൃതി ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഐഎഫ്എഫ്കെ, കാൻ ഫിലിം ഫെസ്റ്റിവലുകളിലടക്കം പ്രദർശിപ്പിച്ചിട്ടുള്ള ദേശീയവും വിദേശീയവുമായ 12 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സി.ആർ. അജയകുമാർ സംവിധാനം ചെയ്ത കറുത്ത ഉദ്ഘാടന ചിത്രമാണ്.
വിത്ത്, വേട്ടപ്പട്ടികളും ഓട്ടക്കാരും, എ പാൻ ഇന്ത്യൻ സ്റ്റോറി, വെളിച്ചം തേടി, കാമദേവൻ നക്ഷത്രം കണ്ടു എന്നീ മലയാള സിനിമകളും കാക്കമുട്ടൈ (ത്രമിഴ്) മേക്ക ധാക്ക താര ( ബംഗാളി ) ക്ലൈമേറ്റ്സ് (തുർക്കി) ലോബ്സ്റ്റർ (ഇംഗ്ലീഷ്) ലൈക്ക് സംവൺ ഇൻ ലവ് (ജപ്പാൻ) വൈൾഡ് അറ്റ് ഹേർട്ട് (അമേരിക്ക) തുടങ്ങിയ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
ചലച്ചിത്രപ്രവർത്തകനായ ചെലവൂർ വേണു, ഗായകൻ പി. ജയചന്ദ്രൻ, വിഖ്യാത സംവിധായകരായ ശ്യാം ബനഗൽ, ഋതിക് ഘട്ടക്, ഡേവിഡ് ലിഞ്ച് എന്നിവരെ മേളയിൽ അനുസ്മരിക്കും. ചലചിത്ര മേള സംഘാടക സമിതി ഭാരവാഹികളായ അഡ്വ . എസ്. ആർ അനിൽകുമാർ, എൻ. സതീശൻ, ഡോ: പ്രിയ സുനിൽ തുടങ്ങിയവർ മേളയെക്കുറിച്ച് വിശദീകരിച്ചു.