തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു
1516368
Friday, February 21, 2025 6:29 AM IST
കൊല്ലം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് 24 ന് നടക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അതതു മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റ്യൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം.
പോളിംഗ് സ്റ്റേഷനുകളായും കൗണ്ടിംഗ് സെന്ററുകളായും പ്രവര്‍ത്തിക്കുന്ന കല്ലുവാതുക്കല്‍ അമ്പലപ്പുറം 18ാം നമ്പര്‍ അങ്കണവാടി, കൊട്ടാരക്കര ഗവ. വിഎച്ച്എസ്എസ് ആൻഡ് എച്ച്എസ് ഫോര്‍ ഗേള്‍സ്, കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച്എസ്എസ് എന്നിവയ്ക്ക് വോട്ടിംഗ്, കൗണ്ടിംഗ് ദിനങ്ങളായ 24, 25 തീയതികളില്‍ അവധിയായിരിക്കും.
മറ്റു പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 24 ന് മാത്രമാണ് അവധി. കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന് അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന് കൊട്ടറ (ജനറല്‍),
കുലശേഖരപുരം പഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24 ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. 25 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.