കർഷക സബ്സിഡി വെട്ടിക്കുറച്ച് കുത്തകകൾക്ക് അനുകൂല്യം നൽകുന്നു: തപൻസെൻ
1516346
Friday, February 21, 2025 6:16 AM IST
കൊല്ലം: കർഷകരുടെ സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാർ കുത്തകകൾക്ക് കൂടുതൽ മേഖലകളിൽ സബ്സിഡി അനുവദിക്കുന്നതായി സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ.
സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച "തൊഴിലാളി കർഷക പ്രക്ഷോഭങ്ങളും വർത്തമാനകാല ഇന്ത്യയും" എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുത്തകളുടെ വായ്പയിൽ 23 ശതമാനം മാത്രമാണ് തിരിച്ചടയ്ക്കുന്നത്. 73 ശതമാനം കിട്ടാക്കടം എഴുതിത്തള്ളുന്നു. അതേ സമയം കർഷകരും തൊഴിലാളികളും വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയിലൂടെ അവരെ ദ്രോഹിക്കുന്നു. ഉൽപാദകരായ കർഷകരെ അവഗണിക്കുകയും ഇടനിലക്കാരായ കുത്തകകളെ പ്രോത്സാഹിപ്പിക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നത്.
കർഷക സമരം നടന്നപ്പോൾ അവഗണിച്ച ചില ബൂർഷ്വാ പാർട്ടി നേതാക്കൾ അതിന്റെ ശക്തി തിരിച്ചറിഞ്ഞ ശേഷം ട്രാക്ടറിൽ കയറി ചിത്രമെടുത്ത് ആ സമരത്തിന്റെ ഭാഗമാകാൻ ശ്രമിച്ചതായും തപൻസെൻ ആരോപിച്ചു.
സാധാരണക്കാരന്റെ വയറ്റത്തടിച്ച് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിലാളികൾ സമരം ചെയ്ത് നേടിയെടുത്ത എട്ടു മണിക്കൂർ ജോലി അട്ടിമറിക്കുന്നു.
ഡിജിറ്റൽ ഇന്ത്യ എന്ന് കൊട്ടിഘോഷിക്കുമ്പോൾ കേരളം ഒഴികെയുള്ള മറ്റ് പല സംസ്ഥാനങ്ങളിലും 1930 ന് മുമ്പുള്ള കേരളത്തിന്റെ അവസ്ഥയിലാണെന്ന് വിഷയാവതരണം നടത്തിയ അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജുകൃഷ്ണൻ ചൂണ്ടിക്കാട്ടി. അക്കാലത്താണ് കേരളത്തിൽ എകെജിയുടെ നേതൃത്വത്തിൽ പട്ടിണി ജാഥ നടത്തിയത്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അതിലും മോശം അവസ്ഥയിലാണ്.
സമാനതകളില്ലാത്ത സമരങ്ങളാണ് നമ്മൾ കർഷകർക്കായി ഉയർത്തിക്കൊണ്ടുവരുന്നത്. കർഷക സമരത്തെ കേന്ദ്രം നേരിട്ടത് എങ്ങനെയാണാണെന്ന് രാജ്യം കണ്ടതാണ്. 760 കർഷകർ സമരത്തിനിടയിൽ മരിച്ചു വീണു. കോർപറേറ്റ് - വർഗീയ കൂട്ടുകെട്ട് നടപ്പിലാക്കുന്ന നയങ്ങൾ അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണ്. പട്ടിണി മരണങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിനൊപ്പം തൊഴിലാളി അവകാശവും ഉറപ്പാക്കുന്ന എൽഡിഎഫ് സർക്കാറിന്റെ പോലെയുള്ള പ്രവർത്തനം രാജ്യത്ത് മറ്റെവിടെയും കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണ ബോർഡ് അംഗം ജിജു പി. അലക്സ് പ്രസംഗിച്ചു. കർഷക കരിനിയമങ്ങൾ പിൻവാതിലിൽ കൂടി കൊണ്ടുവരാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മോഡറേറ്ററായിരുന്ന എം.വിജയകുമാർ പറഞ്ഞു.
മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ, സെമിനാർ കമ്മിറ്റി ചെയർപേഴ്സൺ ജെ. മേഴ്സിക്കുട്ടിയമ്മ, കൺവീനർ എസ്. ജയമോഹൻ, സിഐടിയു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, ട്രഷറർ എ.എം. ഇക്ബാൽ, സി. ബാൾഡുവിൻ എന്നിവർ സംബന്ധിച്ചു.