കർമല റാണി ട്രെയിനിംഗ് കോളജിന് കെഐആർഎഫ് അംഗീകാരം
1516358
Friday, February 21, 2025 6:25 AM IST
കൊല്ലം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്ത കേരള റാങ്കിംഗിൽ കൊല്ലം കർമല റാണി ട്രെയിനിംഗ് കോളജിന് ഏഴാം റാങ്ക്. ദേശീയതലത്തിലുള്ള എൻഐആർഎഫ് മാതൃകയുടെ ചുവടുപിടിച്ച് സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് തയാറാക്കിയത്.
സർവകലാശാലകളും കോളജുകളും ഉൾപ്പെടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്ത പ്രഥമ റാങ്കിംഗിൽ കേരള സർവകലാശാലയുടെ പരിധിയിലെ ടീച്ചർ എഡ്യൂക്കേഷൻ കോളജുകളിൽ രണ്ടാം സ്ഥാനവും ടീച്ചർ എഡ്യുക്കേഷൻ മേഖലയിൽ നിന്ന് ആദ്യ പത്തിൽ ഇടം നേടിയ കൊല്ലം ജില്ലയിലെ ഏക അധ്യാപക പരിശീലന സ്ഥാപനം എന്ന ബഹുമതിയും നേടി.
ഏഴ് ഐച്ഛിക വിഷയങ്ങളിലുള്ള ദ്വിവത്സര ബിഎഡ് കോഴ്സാണ് ഇവിടെ നടത്തുന്നത്.
എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന അവാർഡ്ദാന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പൽ ഡോ. സി.എസ്. അനുജ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ജെ. മേരി സിന്ധുഎന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.