സൗജന്യ നിയമസഹായം ഔദാര്യമല്ല; അവകാശമാണ്: ആർ. ജിഷ മുകുന്ദൻ
1516353
Friday, February 21, 2025 6:17 AM IST
പത്തനാപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന സൗജന്യ നിയമസഹായം ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും സ ബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറിയുമായ ആർ. ജിഷ മുകുന്ദൻ.
ഗാന്ധിഭവൻ നീതിഭവന്റെ യും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച സാമൂഹ്യനീതി ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
പണമില്ലാത്തതിന്റെ പേരിൽ ആർക്കും നീതി നിഷേധിക്കരുത്. തുല്യ നീതിയും സമത്വവും പറയുന്നതിലല്ല മറിച്ച് അർഹതപ്പെട്ടവർക്ക് അവകാശം ഉറപ്പുവരുത്താൻ ഓരോരുത്തരും പരിശ്രമിക്കുമ്പോഴാണ് സാമൂഹ്യനീതി സാധ്യകുന്നത്. സന്തോഷകരമായ മനസാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് അവർ പറഞ്ഞു.
ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ചു. ലേബർ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങര, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ്, നീതിഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർമായ അമൽ എന്നിവർ പ്രസംഗിച്ചു.