ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ആര്യനാടിന്
1515999
Thursday, February 20, 2025 5:26 AM IST
നെടുമങ്ങാട്: ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ആര്യനാട് പഞ്ചായത്തിന്. മാലിന്യമുക്ത പ്രവർത്തനങ്ങൾ, കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികൾ നടപ്പാക്കൽ, കേരള വികസന പദ്ധതി, പ്രാദേശിക സാമ്പത്തിക വികസനവും ദാരിദ്ര്യ ലഘൂകരണവും, സദ്ഭരണം, കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്ത നിവാരണവും, ജെൻഡർ സൗഹൃദ പ്രവർത്തനങ്ങൾ,
ലിംഗസമത്വ വികസനം, ആരോഗ്യ ഗ്രാമം, പശ്ചാത്തല വികസനം, നൂതന ആശയ ആവിഷ്കാരം എന്നിങ്ങനെയുള്ള മേഖലയിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച പരിശോധനയിലാണ് ആര്യനാട് പഞ്ചായത്ത് മികച്ച പോയിന്റുമായി ഒന്നാമതെത്തിയത്. ആദ്യമായി പങ്കാളിത്ത ബജറ്റ് നടപ്പാക്കി. ആദ്യമായി പൊതുജന സേവനങ്ങൾ കൈയെത്തും ദൂരത്ത് എത്തിക്കുന്നതിന് ഗ്രാമഭവനും യാഥാർഥ്യമാക്കി.
പഞ്ചായത്തുവഴി ലഭിക്കുന്ന സേവനങ്ങൾക്ക് പുറമേ വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ കൂടിയായി ഗ്രാമ ഭവനുകൾ. ഇതോടൊപ്പം ഗ്രാമഭവനുകൾ വാർഡ് ജനപ്രതിനിധികളുടെ ഓഫീസ് കൂടിയായി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇതിനോടനുബന്ധിച്ച് ലൈബ്രറികൾ സ്ഥാപിച്ചു. ഇത്തരം സംവിധാനം കേരളത്തിലാദ്യമായാണ് പഞ്ചായത്ത് യാഥാർഥ്യമാക്കുന്നത്.
ആധുനിക രീതിയിൽ പഞ്ചായത്ത് ഓഫീസ് മന്ദിരം യാഥാർഥ്യമാക്കിയതും അടുത്തകാലത്താണ്. പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും അശ്രാന്ത പരിശ്രമമാണ് ജില്ലയിലെ സ്വരാജ് ട്രോഫി പുരസ്കാരത്തിനഹർമാക്കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ പറഞ്ഞു.