ദേശീയപാതയിൽ ചാത്തന്നൂരിൽ ജല വിതരണ പൈപ്പ് പൊട്ടി
1515998
Thursday, February 20, 2025 5:26 AM IST
ചാത്തന്നൂർ: ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്ന ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി. മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിൽ വരെയാണ് കനത്ത നിലയിൽ വെള്ളം ചീറ്റിയത്. 350 എംഎംഡി ഐ പൈപ്പാണ് പൊട്ടിയത്. ഇതോടെ ദേശീയ പാതയിൽ ഗതാഗത തടസപ്പെട്ടു. ബുധനാഴ്ച രാവിലെ 11.30 ഓടെ ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിലായിരുന്നു പൈപ്പ് പൊട്ടിയത്.
പുനലൂരിൽ നിന്ന് കൊട്ടിയം, കൊല്ലം ഭാഗത്തേയ്ക്കുള്ള മെയിൻ പൈപ്പാണ് പൊട്ടിയത്. ഇതുമൂലം ചാത്തന്നൂർ, ചിറക്കര , പൂതക്കുളം, ആദിച്ചനല്ലൂർ, മയ്യനാട് പഞ്ചായത്തുകളിലെയും പരവൂർ നഗരസഭയിലെയും കൊട്ടിയം പ്രദേശത്തെയും കൊല്ലം കോർപ്പറേഷനിലെ കുറെ ഭാഗങ്ങളിലെയും കുടിവെള്ളം മുടങ്ങും.
ദേശീയപാതയുടെ നിർമാണം തുടങ്ങിയ ശേഷം ചാത്തന്നൂരിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടൽ സ്ഥിരമാണ്. ചാത്തന്നൂർ ജംഗ്ഷനും സ്റ്റാൻഡേർഡ് ജംഗ്ഷനുമിടയിലാണ് പൈപ്പ് പൊട്ടൽ. ഒരു ഘട്ടത്തിൽ ഇത്തരം പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി തടഞ്ഞിരുന്നു. നിലവാരമുള്ള പൈപ്പ് സ്ഥാപിക്കുമെന്ന വാട്ടർ അതോറിറ്റിയുടെ ഉറപ്പിനെ തുടർന്നാണ് പൈപ്പ് സ്ഥാപിക്കാൻ നാട്ടുകാർ അനുവദിച്ചത്.നിലവാരമില്ലാത്ത പൈപ്പാണ് പൊട്ടിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മണിക്കൂറുകളോളമാണ് വേനൽക്കാലത്ത് കുടിവെള്ളം പാഴായിപ്പോയത്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അവർ എത്താൻ വൈകിയതായും പരാതി ഉണ്ട്. പ്രധാന വാൽവ് അടച്ച ശേഷമാണ് വെള്ളമൊഴുക്ക് നിലച്ചത്.
ദേശീയപാതയിലെ ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങളിൽ പോകുന്നവർ വണ്ടി നിർത്തി ചിത്രങ്ങളും വീഡിയോയും പകർത്തിയത് ഗതാഗത തടസമുണ്ടാക്കി. പലരും ഈ വെള്ളത്തിൽ കുളിക്കുകയും വാഹനങ്ങൾ കഴുകുകയും ചെയ്തു. ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുനാളെ മുതൽ ജലവിതരണം പുന:സ്ഥാപിക്കാൻ കഴിയുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.