കെയർ ഹോമുകൾ സഭയുടെ ശുശ്രൂഷയുടെ മുഖം: ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
1515996
Thursday, February 20, 2025 5:26 AM IST
കാവനാട്: മുക്കാട് നസ്രത്ത് പകൽ വീടിന്റ ആശീർവാദം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. കെയർ ഹോമുകൾ സഭയുടെ കരുണാർദ്രമായ ശുശ്രുഷാ മുഖമാണെന്നും വിവിധ സന്യാസ സമൂഹങ്ങളുടെയും അൽമായ സഹോദരങ്ങളുടെയും അർപ്പണ മനോഭാവം ശ്ലാഘനീയമാണെന്നും ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
2024-ൽ ശിലാസ്ഥാപനം നടത്തിയ പകൽ വീട് മുക്കാട് മുല്ലശേരിയിൽ ഡോ. പ്രിയ ടോണി സൗജന്യമായി നൽകിയ സ്ഥലത്താണ് നിർമിച്ചത്. വൃദ്ധജനങ്ങൾ ഒറ്റപ്പെടാതെ ഒരുമിച്ചു കൂടാനും അവരുടെ മാനസിക ഉല്ലാസങ്ങൾക്ക് അവസരമൊരുക്കാനുമായി കൊല്ലം രൂപതയിലെ വിമലഹൃദയ സന്യാസിനി സമൂഹം വഴിയാണ് പകൽ വീട് നടപ്പാക്കുന്നത്.
തൊഴിലിനായി കുടുംബാംഗങ്ങൾ പുറത്ത് പോകുന്നതോടെ ഒറ്റപ്പെടുന്ന മുതിർന്നവർക്കും ഒറ്റപ്പെട്ടുപോകുന്ന നിരാലംബർ - രോഗികൾ തുടങ്ങിയവരുമാണ് പകൽ വീടിനെ ആശ്രയിക്കുന്നത്. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പകൽവീടിന്റ പ്രവർത്തനം.
ഉച്ച ഊണും, രാവിലെയും വൈകീട്ടും ചായയും നൽകും. പകൽവീടിനെ ആശ്രയിക്കുന്നവരെ വീടുകളിൽ നിന്ന് കൂട്ടുന്നതിനും തിരികെ എത്തിക്കുന്നതിനും വാഹന സൗകര്യവും ഉണ്ടാകുമെന്ന് എഫ്ഐഎച്ച് സന്യാസിനി സമൂഹം മദർ ജനറൽ റെക്സിയാ മേരി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കൊല്ലം മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർമാരായ കൊല്ലം മധു, പുഷ്പാംഗദൻ, ദീപു ഗംഗാധരൻ വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ, സിസ്റ്റർ സെൽസി മേരി, സിസ്റ്റർ അഡോൾഫ് മേരി, സിസ്റ്റർ സെൽമാ മേരി, ഫാ. ജോസ് പുത്തൻവീട്, ഫാ. ജോളി ഏബ്രഹാം, ഫാ. ജോൺ പോൾ എന്നിവർ പ്രസംഗിച്ചു.