വന്യമൃഗശല്യം രൂക്ഷം: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കർഷക കോൺഗ്രസ്
1515994
Thursday, February 20, 2025 5:26 AM IST
പുനലൂർ: തുടർച്ചയായി വളർത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കിയിട്ടും പുലിക്കൂട് സ്ഥാപിച്ച് പിടിക്കുന്നതിന് നടപടി സ്വീകരിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആവശ്യപ്പെട്ടു.
ചാലിയക്കര എവിടി എസ്റ്റേറ്റിൽ താമസക്കാരിയായ സുജ രാജേന്ദ്രന്റെ പശുക്കിടാവിനെ പുലി പിടിച്ചിട്ട് നാല് ദിവസമായി. അവിടെ പുലിക്കൂട് സ്ഥാപിക്കാത്ത അധികൃതരുടെ അനാസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്.
അടിയന്തരമായി പുലിക്കുട് സ്ഥാപിക്കുക, വനം ഉദ്യോഗസ്ഥന്മാരുടെ പേരിൽ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുനലൂർ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ഉപവാസ സമരം ആരംഭിക്കാൻ കർഷക കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് കോടിയാട്ട് പ്രസാദ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നേതാക്കളായ ചിതറ വിജയകുമാർ, കറവൂർ സുരേഷ്, തെന്മല രഘുനാഥ്, നെടുങ്കയം നാസർ, അഞ്ചൽ ബിനോയ് എം. സലാഹുദീൻ, രാജേന്ദ്രബാബു, ഷെരീഫ് ചടയമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.