കെഎസ്ആർടിസി കുമളി, പാലാ, കൊട്ടാരക്കര സർവീസുകൾ നിർത്തി
1546033
Sunday, April 27, 2025 7:29 AM IST
കാസർഗോഡ്: ആവശ്യത്തിന് യാത്രക്കാരുണ്ടായിട്ടും കെഎസ്ആർടിസി അവഗണിച്ച കുമളി, പാലാ, കൊട്ടാരക്കര സർവീസുകൾ ഒടുവിൽ പൂർണമായും നിർത്തി. പെർള-കുമളി സൂപ്പർഫാസ്റ്റ്, പഞ്ചിക്കൽ-പാലാ, സുള്ള്യ-കൊട്ടാരക്കര ബസുകൾ നിർത്തിയതോടെ സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുനിന്നും ദക്ഷിണ കർണാടകയിലെ കുടിയേറ്റമേഖലയിൽ നിന്നും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളെല്ലാം ഇല്ലാതായി.
കുടിയേറ്റക്കാർക്കൊപ്പം സുള്ള്യ, പുത്തൂർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന തെക്കൻ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമായിരുന്നു ഈ സർവീസുകൾ. കോട്ടയം, എറണാകുളം ഭാഗങ്ങളിൽ എൻട്രൻസ് കോച്ചിംഗിനുൾപ്പെടെ പോകുന്ന കുടിയേറ്റ മേഖലകളിൽ നിന്നുള്ള കുട്ടികൾക്കും ഇവ പ്രയോജനപ്പെട്ടിരുന്നു.
പഞ്ചിക്കൽ റൂട്ട് ദീർഘകാലം ലാഭകരമായി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽനിന്ന് കെഎസ്ആർടിസി ഏറ്റെടുത്തതാണ്. 2021 ലാണ് പെർളയിൽ നിന്ന് ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ, ഒടയഞ്ചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, തളിപ്പറമ്പ്, തൃശൂർ, കോതമംഗലം, ചെറുതോണി, കട്ടപ്പന വഴി കുമളിയിലേക്കും തിരിച്ചും കുമളി ഡിപ്പോയിൽ നിന്നുള്ള സർവീസ് തുടങ്ങിയത്. സംസ്ഥാനത്തിനകത്ത് ഏറ്റവും കൂടുതൽ ദൂരത്തിൽ ഓടിയിരുന്ന ബസ് സർവീസായിരുന്നു ഇത്.
ദീർഘദൂരയാത്രയ്ക്ക് അനുയോജ്യമല്ലാത്ത വിധത്തിലുള്ള ഇരിപ്പിടങ്ങളും പഴകിയ ബസുകളുമൊക്കെയാണ് ക്രമേണ ഒരുവിഭാഗം യാത്രക്കാരെയെങ്കിലും ഇവയിൽനിന്ന് അകറ്റിയതെന്ന് നാട്ടുകാർ പറയുന്നു. സമയക്രമം കൃത്യമായി പാലിക്കപ്പെടാത്തതും വലിയ പ്രശ്നമായിരുന്നു.
കുമളിയിൽ നിന്ന് പെർളയിലേക്ക് രാവിലെ എത്തേണ്ട സൂപ്പർഫാസ്റ്റ് ബസ് പലപ്പോഴും ഉച്ചയോടെയാണ് എത്തിയിരുന്നത്. ഇടയ്ക്കുള്ള പല ടൗണുകളിലും മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായി.
പുതിയ അധ്യയനവർഷം തുടങ്ങുന്നതിനുമുമ്പ് റൂട്ടുകളും സമയക്രമവും ലാഭകരമായ വിധത്തിൽ പുനക്രമീകരിച്ച് സ്ലീപ്പർ, സെമി സ്ലീപ്പർ സംവിധാനത്തിലുള്ള പുതിയ ബസുകൾ തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം.