വെട്ടിമുറിച്ച് ഇല്ലാതാക്കുന്ന ഇടനാടൻ കുന്നുകൾ
1545197
Friday, April 25, 2025 1:53 AM IST
പെരിയ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചെറുവത്തൂരിലെ വീരമലക്കുന്നും തെക്കിൽ, ബേവിഞ്ച കുന്നുകളുമടക്കം ഉയരമുള്ള കുന്നുകൾ ഇടിച്ചുതാഴ്ത്തിയതു മൂലമുണ്ടായ പ്രശ്നങ്ങൾ ഒരു പരിധിവരെയെങ്കിലും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടതാണ്. പക്ഷേ പാത കടന്നുപോകുന്ന വഴിയിലുടനീളമുള്ള ഉയരം കുറഞ്ഞ ഇടനാടൻ കുന്നുകളെ മണ്ണെടുത്തും ഇടിച്ചു നിരപ്പാക്കിയും പാടേ ഇല്ലാതാക്കുന്നത് ഓരോ നാടിനും ചെറുതല്ലാത്ത ആശങ്കയാവുകയാണ്.
പുല്ലൂർ പൊള്ളക്കടയ്ക്ക് സമീപം തലയുയർത്തിനിന്ന മയിലാട്ടിക്കുന്ന് ഇത്തരത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കുന്നുകളിലൊന്നാണ്. പത്തിലേറെ ജെസിബികൾ ഉപയോഗിച്ച് ഒരു വർഷത്തിലേറെയായി രാവും പകലും നിയന്ത്രണമില്ലാതെ തുടരുന്ന അനിയന്ത്രിതമായ മണ്ണെടുപ്പാണ് ഈ കുന്നിനെ ഫലത്തിൽ ഇല്ലാതാക്കുന്ന സ്ഥിതിയിലെത്തിച്ചത്.
പൊതുവായ ആവശ്യമെന്ന നിലയിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിന് പാരിസ്ഥിതിക അനുമതി അടക്കമുള്ള കർശനമായ നിയന്ത്രണങ്ങളൊന്നും ബാധകമല്ലെന്നാണ് സർക്കാരിന്റെ ഉത്തരവ്. ഈ പഴുത് ഉപയോഗിച്ചാണ് പാത കടന്നുപോകുന്ന വഴിയിലുടനീളം വ്യാപകമായി മണ്ണെടുപ്പ് നടത്തുന്നത്.
ഇങ്ങനെ എടുക്കുന്ന മണ്ണ് മുഴുവനായും ദേശീയപാത നിർമാണത്തിനായി ഉപയോഗിക്കുന്നില്ലെന്നും കരാറുകാരുടെ ഒത്താശയോടെ മറ്റിടങ്ങളിലേക്ക് കടത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
വർഷങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ ഗ്രൂപ്പ് നഴ്സിംഗ് കോളജ് സ്ഥാപിക്കുന്നതിനായി മയിലാട്ടിക്കുന്നിന്റെ ഒരു ഭാഗം വിലയ്ക്കെടുത്തിരുന്നു. എന്നാൽ നഴ്സിംഗ് കോളജ് സ്ഥാപിക്കാനുള്ള പദ്ധതി നടപ്പായില്ല. ദേശീയപാതയുടെ പണി തുടങ്ങിയപ്പോൾ ഈ ഭാഗം മണ്ണെടുപ്പിനായി ദേശീയപാത കരാറുകാരായ മേഘ എൻജിനിയറിംഗിന് പാട്ടത്തിനു നല്കുകയായിരുന്നു. കരാറുകാർ ഇതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ 5.12 ലക്ഷം രൂപ ഫീസടച്ച് അനുമതി നേടുകയും ചെയ്തു.
അങ്ങനെയാണ് കുന്നിൽ നിന്ന് അനിയന്ത്രിതമായി മണ്ണെടുപ്പ് തുടങ്ങിയത്. ഒരു വർഷം കഴിഞ്ഞപ്പോൾ പാട്ടക്കരാറും ലൈസൻസും വീണ്ടും പുതുക്കി മണ്ണെടുപ്പ് തുടർന്നു. ഇപ്പോൾ വരണ്ടുണങ്ങിയ കുന്നിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് കാണാനുള്ളത്.
ഇപ്പോൾ സമീപപ്രദേശങ്ങളിലെ കിണറുകളിലും കുഴൽകിണറുകളിലും ഇതുവരെയില്ലാത്തവിധം ജലനിരപ്പ് താഴ്ന്ന നിലയിലാണ്. സമീപപ്രദേശങ്ങളിലെ പാടവും തെങ്ങിൻതോപ്പുകളുമെല്ലാം വരണ്ടു. ഇനി മഴക്കാലം വരുമ്പോൾ കുന്നിന്റെ അവശേഷിക്കുന്ന ഭാഗത്തുനിന്ന് പാടങ്ങളിലേക്കും പറമ്പുകളിലേക്കും മണ്ണും വെള്ളവും കുത്തിയൊഴുകുമോ, ബാക്കിയുള്ള ഭാഗം ഇടിഞ്ഞുവീഴുമോ എന്നീ ആശങ്കകളും പ്രദേശവാസികൾക്കുണ്ട്.