ദേശീയപാത തുറന്നിട്ടും സംരക്ഷണഭിത്തിയായില്ല
1545201
Friday, April 25, 2025 1:53 AM IST
കുമ്പള: തലപ്പാടി-ചെങ്കള റീച്ചിൽ പുതിയ ദേശീയപാതയുടെ ഉദ്ഘാടനം അടുത്തമാസം നടത്താനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുകയാണ്. മിക്ക ഭാഗങ്ങളിലും പുതിയ പാത ഗതാഗതത്തിനായി തുറന്നുനല്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ കുമ്പള, ഷിറിയ പാലങ്ങൾക്കു സമീപം സാമാന്യം ഉയരത്തിൽ നിർമിച്ച ആറുവരിപ്പാതയ്ക്ക് ഒരു വശത്ത് സംരക്ഷണഭിത്തിയില്ലാത്തത് നാട്ടുകാർക്ക് ആശങ്കയാവുകയാണ്.
കണിപുര ഗോപാലകൃഷ്ണക്ഷേത്രത്തിന് സമീപത്തുനിന്ന് കുമ്പള പാലം വരെയും ആരിക്കാടി തങ്ങൾ വീടിന് സമീപത്തുനിന്ന് ഒളയം ബസ് സ്റ്റോപ്പ് വരെയുമാണ് സംരക്ഷണഭിത്തി നിർമിക്കാതെ പുതിയ ദേശീയപാതയുടെ പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുനല്കിയത്.
മൂന്നുവരിപ്പാതയിലൂടെ കുതിച്ചെത്തുന്ന വാഹനങ്ങൾ പാലത്തിലെത്തുമ്പോൾ രണ്ടുവരിയിലേക്കും തിരിച്ചും മാറേണ്ടിവരുന്നതിനൊപ്പമാണ് പാലത്തോടു ചേർന്ന ഭാഗത്ത് സംരക്ഷണഭിത്തിയില്ലാത്തതും അപകടസാധ്യതയൊരുക്കുന്നത്. അപകടത്തിൽപെട്ടാൽ പത്തടിയോളം താഴ്ചയിലേക്കായിരിക്കും വാഹനങ്ങൾ വീഴുക. ഇതൊഴിവാക്കാനായി ഇപ്പോൾ സംരക്ഷണഭിത്തിയില്ലാത്ത ഭാഗങ്ങളിൽ ടാർ വീപ്പകൾ നിരത്തിവച്ചിരിക്കുകയാണ്.
മിക്കവാറും ഇടങ്ങളിൽ പുതിയ പാത നിർമിക്കുന്നതിനുമുമ്പേ സംരക്ഷണഭിത്തികളുടെയും ഡിവൈഡറുകളുടെയും നിർമാണം പൂർത്തീകരിച്ചിരുന്നു. ഇവിടങ്ങളിൽ മാത്രമാണ് സാങ്കേതിക തടസങ്ങളുടെ പേരുപറഞ്ഞ് സംരക്ഷണഭിത്തിയുടെ നിർമാണം വൈകിയത്.
ദിവസങ്ങൾക്കു മുമ്പുണ്ടായ വേനൽമഴയിൽ ഇവിടെ ദേശീയപാതയുടെ തൊട്ടരികിൽ നിന്നുവരെ മണ്ണ് കുത്തിയൊഴുകിയ നിലയിലാണ്. ഉദ്ഘാടനം കഴിഞ്ഞാലും ഇതേ നിലയിൽ തുടർന്നാൽ മഴ കനക്കുമ്പോൾ ഇത് പാതയുടെ സുരക്ഷിതത്വത്തെ തന്നെ ബാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇനിയും സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞുനിൽക്കാതെ എത്രയും പെട്ടെന്ന് ഇവിടങ്ങളിൽകൂടി സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും ആവശ്യം.