പാലമൊരുങ്ങാറായിട്ടും പുഴയിലെ മണ്ണ് നീക്കിയില്ല
1545196
Friday, April 25, 2025 1:53 AM IST
നീലേശ്വരം: നീലേശ്വരം പുഴയിൽ പുതിയ പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളിലുള്ളവർ ഒരുപാട് കഷ്ടനഷ്ടങ്ങൾ സഹിച്ചതാണ്. പാലം നിർമാണത്തിനായി പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടസപ്പെടുത്തിയപ്പോൾ കിഴക്ക് അരയി പ്രദേശത്തും മടിക്കൈ പഞ്ചായത്തിന്റെ ഭാഗങ്ങളിലും വെള്ളം കയറി വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. നേന്ത്രവാഴകൃഷിക്ക് പേരുകേട്ട മേഖലയിൽ ഒന്നരലക്ഷത്തോളം വാഴത്തൈകളാണ് അന്ന് വെള്ളംകയറി നശിച്ചത്.
പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഓർച്ച, പുറത്തേക്കൈ ഭാഗങ്ങളിൽ വേലിയേറ്റ സമയത്ത് പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറിയും വ്യാപക നാശം സംഭവിച്ചു. പറമ്പുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളമൊഴിയുന്ന നേരമില്ലാതായി.
പാലം നിർമാണം പെട്ടെന്ന് പൂർത്തിയായാൽ ഈ ദുരിതമെല്ലാം തീരുമല്ലോ എന്നു കരുതിയാണ് എല്ലാവരും ഇത്രയുംകാലം ആശ്വസിച്ചത്. എന്നാൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലെത്തിയിട്ടും പുഴയിലെ മണ്ണ് നീക്കുന്ന കാര്യത്തിൽ കരാറുകാർ വലിയ താത്പര്യമൊന്നും കാണിക്കാത്ത സ്ഥിതിയാണ്. മഴ വന്നു പുഴയിൽ വെള്ളം നിറയുമ്പോൾ എല്ലാംകൂടി കുത്തിയൊഴുകി പോയാൽ അത്രയും പണി ലാഭമെന്ന മട്ടിലാണ് ഇവരുടെ നിലപാട്. ഇതോടെ ഇരുവശങ്ങളിലുമുള്ള നാട്ടുകാർ വീണ്ടും ആശങ്കയിലാണ്.
പാലം നിർമാണത്തിനായി സാമാന്യം ഘനത്തിൽ സ്ഥാപിച്ച മണ്ണ് പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. ഏതാനും ഭാഗങ്ങളിൽ മാത്രമാണ് മണ്ണ് നീക്കി പുഴയെ സാധാരണഗതിയിൽഴുകാൻ അനുവദിച്ചിട്ടുള്ളത്. ഇതേ നിലയിൽ പുഴയിൽ മണ്ണ് കിടന്നാൽ മഴക്കാലം തുടങ്ങിയാലും ഒഴുക്ക് തടസപ്പെട്ട് പുഴയിലെ ജലനിരപ്പ് പെട്ടെന്നുതന്നെ ഉയരാനാണ് സാധ്യത. മഴ കനത്താൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരുകരകളിലും വെള്ളം കയറുമെന്നും ഉറപ്പാണ്. നേന്ത്രവാഴയും പച്ചക്കറികളുമുൾപ്പെടെ കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനാശമുണ്ടാകാൻ അധികനേരമൊന്നും എടുക്കില്ല.
ദേശീയപാതയിലെ പാലത്തിന്റെ കിഴക്കുഭാഗത്ത് കച്ചേരിക്കടവ് പാലം നിർമാണത്തിനുവേണ്ടിയും മണ്ണിട്ടത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. ഈ പാലത്തിന്റെയും തൂണുകൾ പൂർത്തിയായിട്ടുണ്ടെങ്കിലും പുഴയിലിട്ട മണ്ണിൽ ഏറിയപങ്കും നീക്കം ചെയ്തിട്ടില്ല.
മഴക്കാലം തുടങ്ങിക്കഴിഞ്ഞ് പ്രശ്നങ്ങളുണ്ടാകാൻ കാത്തുനിൽക്കാതെ ഇപ്പോൾതന്നെ പുഴയിലെ മണ്ണ് നീക്കംചെയ്യുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.