പടന്നക്കാട് നെഹ്റു കോളജിനു മുന്നിൽ മേൽ നടപ്പാത വരും
1546032
Sunday, April 27, 2025 7:29 AM IST
കാഞ്ഞങ്ങാട്: പുതിയ ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിനു മുന്നിൽ മേൽ നടപ്പാത നിർമിക്കും. ഇതുസംബന്ധിച്ച് കോളജ് അധികൃതർ നല്കിയ നിവേദനത്തിനുള്ള മറുപടിയായാണ് ദേശീയപാത അഥോറിറ്റി ഇക്കാര്യം അറിയിച്ചത്.
നെഹ്റു കോളജ്, കാർഷിക കോളജ്, ജില്ലാ ആയുർവേദ ആശുപത്രി എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഭാഗത്ത് ദേശീയപാത മുറിച്ചുകടക്കാൻ സൗകര്യമില്ലെങ്കിൽ അത് കാഞ്ഞങ്ങാട് ഭാഗത്തുനിന്നെത്തുന്നവർക്ക് കടുത്ത ദുരിതത്തിനും തോട്ടംഗേറ്റിലെ അടിപ്പാതയിലും പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലും ഗതാഗതക്കുരുക്കിനും വഴിവയ്ക്കുമെന്ന് നേരത്തേ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ആയുർവേദ ആശുപത്രിയിലെത്തുന്ന രോഗികൾക്കും ഭിന്നശേഷിക്കാർക്കുമായി റാംപ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും മേൽനടപ്പാത നിർമിക്കുകയെന്ന് ദേശീയപാത അധികൃതർ അറിയിച്ചതായി കോളജ് അഡ്മിനിസ്ട്രേറ്റർ ഡോ.കെ.വി.മുരളിയും ഭരണസമിതി അംഗം അഡ്വ.കെ.കെ.നാരായണനും അറിയിച്ചു.
ദേശീയപാതയുടെ ചെങ്കള-നീലേശ്വരം റീച്ചിൽ പടന്നക്കാട് നല്ലിടയൻ പള്ളിക്കും സ്റ്റെല്ലാ മാരിസ് സ്കൂളിനും ഇടയിലും പടന്നക്കാട് ടൗൺ, ചെമ്മട്ടംവയൽ ജില്ലാ ആശുപത്രി, കല്യാൺ റോഡ് ജംഗ്ഷൻ, പെരിയ നവോദയ വിദ്യാലയം, മയിലാട്ടി, ചട്ടഞ്ചാൽ, ബേവിഞ്ച എന്നിവിടങ്ങളിലുമാണ് ഇതോടൊപ്പം മേൽനടപ്പാലത്തിന് അനുമതിയായിട്ടുള്ളത്.