മഞ്ഞടുക്കം പുഴയിൽ തോട്ട പൊട്ടിച്ച് മീൻപിടിച്ച നാലുപേർ അറസ്റ്റിൽ
1546018
Sunday, April 27, 2025 7:29 AM IST
പാണത്തൂർ: വനമേഖലയിൽ അതിക്രമിച്ചുകടന്ന് മഞ്ഞടുക്കം പുഴയിൽ തോട്ടപൊട്ടിച്ച് വംശനാശഭീഷണി നേരിടുന്ന മിസ് കേരള ഉൾപ്പെടെയുള്ള പുഴമീനുകളെ പിടിച്ച നാലംഗ സംഘം വനംവകുപ്പിന്റെ പിടിയിലായി. പാണത്തൂർ കരിക്കെ തോട്ടത്തിൽ താമസിക്കുന്ന യൂനസ് (36), നിയാസ് (29), പാണത്തൂർ പരിയാരത്തെ സതീഷ്, ബാപ്പുങ്കയത്തെ അനീഷ് (38) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
പനത്തടി സെക്ഷനിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് മീൻ പിടിക്കാനെത്തിയ സംഘം പിടിയിലായത്. വംശനാശഭീഷണി നേരിടുന്ന അപൂർവയിനം മത്സ്യത്തെ ഭക്ഷ്യ ആവശ്യത്തിനുവേണ്ടി കൊല്ലുകയും പരിസ്ഥിതിക്കും വന്യമൃഗങ്ങൾക്കും ദോഷകരമായ വിധത്തിൽ സ്ഫോടക വസ്തു ഉപയോഗിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മത്സ്യങ്ങളും പിടിച്ചെടുത്തു. നാലുപേരെയും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.ശേഷപ്പ, ബീറ്റ് ഓഫീസർമാരായ വി.വി.വിനീത്, ജി.എഫ്.പ്രവീൺ കുമാർ, എം.എസ്.സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.