കുമ്പളയിൽ ടോൾബൂത്ത് നിർമിക്കാനുള്ള തീരുമാനം പിൻവലിക്കണം: സിപിഎം
1546024
Sunday, April 27, 2025 7:29 AM IST
കാസർഗോഡ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള പാലത്തിനടുത്ത് താത്കാലിക ടോൾ ബൂത്ത് നിർമിക്കാനുള്ള ദേശീയപാത അഥോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു.
ദേശീയപാതയിലെ രണ്ട് ടോൾ ബൂത്തുകൾ തമ്മിൽ 60 കിലോമീറ്റർ ദൂരമുണ്ടാകണമെന്നാണ് നിയമം. എന്നാൽ തലപ്പാടിയിലെ ടോൾ ബൂത്തിൽ നിന്ന് വെറും 23 കിലോമീറ്റർ ദൂരത്തിലാണ് കുമ്പളയിൽ താത്കാലിക ടോൾ ബൂത്ത് നിർമിക്കുന്നത്. ഫലത്തിൽ കാസർഗോഡ് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാർ രണ്ട് ടോൾ നല്കി യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇതൊരിക്കലും അനുവദിക്കാനാകില്ല.
തലപ്പാടി കഴിഞ്ഞാൽ പെരിയ ചാലിങ്കാലിലാണ് യഥാർഥത്തിൽ അടുത്ത ടോൾ ബൂത്ത് സ്ഥാപിക്കുന്നത്. എന്നാൽ ചെങ്കള– തളിപ്പറമ്പ് റീച്ചിലെ ദേശീയപാതയുടെ നിർമാണം ഇഴയുന്നതിനാൽ ഈ ബൂത്ത് അടുത്തൊന്നും സജ്ജമാകാത്ത നിലയാണ്. ഈ സാഹചര്യത്തിലാണ് കുമ്പളയിൽ താത്കാലിക ടോൾ ബൂത്ത് നിർമിക്കാൻ ശ്രമിക്കുന്നത്.
കരാർ കമ്പനിയുടെ അനാസ്ഥയുടെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഇക്കാര്യത്തിൽ ദേശീയപാത അഥോറിറ്റിക്ക് കേന്ദ്രസർക്കാർ അടിയന്തിര നിർദേശം നൽകണമെന്നും എം.രാജഗോപാലൻ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ഇടപെടണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.