മരണപ്പെട്ട ആളിന്റെ വസ്തു വില്പന നടത്തിയെന്ന കേസിൽ മക്കളെയും മരുമകളെയും വെറുതേവിട്ടു
1545203
Friday, April 25, 2025 1:53 AM IST
കാഞ്ഞങ്ങാട്: മരണപ്പെട്ട് 16 ദിവസങ്ങൾക്കു ശേഷം അച്ഛന്റെ പേരിലുള്ള വസ്തു ആൾമാറാട്ടത്തിലൂടെ വില്പന നടത്തിയെന്ന കേസിൽ മക്കളെയും മരുമകളെയും കോടതി വെറുതേ വിട്ടു. വെള്ളരിക്കുണ്ട് പാലത്തിങ്കൽ ഉലഹന്നാന്റെ മക്കളായ സക്കറിയ എന്ന സണ്ണി, വർക്കി എന്ന ലാലു, സക്കറിയയുടെ ഭാര്യ ഡെയ്സി എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) വെറുതേ വിട്ടത്.
കുറ്റകൃത്യം നടന്നതായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് ബാലു ദിനേശ് മൂന്നുപേരെയും വെറുതേ വിട്ടത്.
2015 ജൂൺ അഞ്ചിനാണ് ഇവരുടെ പിതാവായ ഉലഹന്നാൻ മരണപ്പെട്ടത്. 16 ദിവസത്തിനുശേഷം ഇദ്ദേഹത്തിന്റെ പേരിൽ റീസർവേ നമ്പർ 35 ൽ ഉൾപ്പെട്ട സ്ഥലം ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന നിലയിൽ ആൾമാറാട്ടം നടത്തി മൂന്നുപേരും ചേർന്ന് വില്പന നടത്തിയെന്നായിരുന്നു വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്.
ഒന്നാം പ്രതിയായ ഡെയ്സിയുടെ പേരിൽ ഇരിട്ടി മുഴക്കുന്നിലെ സക്കറിയയുടെ സഹായത്തോടെ വ്യാജ ആധാരം രജിസ്റ്റർ ചെയ്യിപ്പിച്ചതായും അതിന് ഡെയ്സിയുടെ ഭർത്താവായ സക്കറിയയും സഹോദരൻ വർക്കിയും ജാമ്യം നിന്നതായുമായിരുന്നു കേസിലെ ആരോപണം. എന്നാൽ വില്പന നടത്തിയ വസ്തു മറ്റൊരു ഉലഹന്നാന്റെ പേരിലായിരുന്നുവെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
നാലാം പ്രതിയായി പേരുചേർക്കപ്പെട്ട മുഴക്കുന്നിലെ സക്കറിയ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. മൂന്നു വർഷത്തോളം നീണ്ട വിചാരണയിൽ ആരോപണങ്ങളൊന്നും തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒന്നും രണ്ടും പ്രതികൾക്കുവേണ്ടി അഡ്വ.പി.കെ.ചന്ദ്രശേഖരനും മൂന്നാം പ്രതി വർക്കിക്കു വേണ്ടി അഡ്വ.ടി.പി.ഉണ്ണികൃഷ്ണനുമാണ് ഹാജരായത്.