കുമ്പളയില്‍ ടോള്‍ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം:എംഎല്‍എ
1545517
Saturday, April 26, 2025 1:51 AM IST
ഉപ്പള: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കുമ്പളയില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ഈ നീക്കം ഉപേക്ഷിക്കണമെന്നും എ.കെ.എം.അഷ്റഫ് എംഎല്‍എ ആവശ്യപ്പെട്ടു.
നിലവില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടിയില്‍ ടോള്‍ ഉണ്ടായിരിക്കെ 20 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ വീണ്ടും ഒരു ടോള്‍ പിരിവ് നടത്തുന്നത് പ്രതിഷേധാര്‍ഹവും ജനങ്ങള്‍ക്ക് ദുരിതമേല്പിക്കുന്ന നടപടിയുമാണ്.
കാസർഗോഡുകാര്‍ ഏറെ ആശ്രയിക്കുന്ന മംഗളുരു നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ 20 കിലോമീറ്ററില്‍ രണ്ടിടങ്ങളില്‍ ടോള്‍ നല്‍കേണ്ട അപൂര്‍വ സാഹചര്യമുണ്ടാകും. 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയ പാതയില്‍ ടോള്‍ പിരിവ് നടത്തേണ്ടത് എന്നിരിക്കെ കുമ്പളയിലെ ടോള്‍ ഗേറ്റ് നിയമ വിരുദ്ധമാണ്.
ദേശീയ പാത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ടവരുടെ ധൃതി പിടിച്ചുള്ള നിയമവിരുദ്ധ ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നനടപടി പിന്‍വലിച്ചില്ലെങ്കില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി പിണറായി വിജയന്, ദേശീയ പാത അതോറിറ്റി, സംസ്ഥാന പൊതുമരാമത്ത് മന്ത്രി, രാജ്മോഹന്‍ ഉണ്ണിത്താന് എംപി എന്നിവര്‍ക്ക് എംഎല്‍എ കത്തയച്ചു.