പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം: കൂട്ടയോട്ടവും തെരുവോര ചിത്രരചനയും നടത്തി
1546030
Sunday, April 27, 2025 7:29 AM IST
പടന്ന: മെയ് രണ്ടിന് കാസർഗോഡ് തുടങ്ങുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കൂട്ടയോട്ടവും തെരുവോര ചിത്രരചനയും നടത്തി. കൈകോർക്കാം യുവതക്കായി എന്ന സന്ദേശമുയർത്തി ചെറുവത്തൂർ പയ്യങ്കിയിൽ നിന്നാരംഭിച്ച കൂട്ടയോട്ടം അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം.വി.ശ്രീദാസൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറി പി.രവീന്ദ്രൻ പ്രസംഗിച്ചു.
വിവിധ സംഘടനകളുടെ ഭാരവാഹികളും കായിക താരങ്ങളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പടന്ന മൂസ ഹാജി മുക്കിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു.
ഡിസിആർബി ഡിവൈഎസ്പി കെ.ജെ.ജോൺസൺ, മുൻ ഇന്റർനാഷണൽ ഫുട്ബോളർ എം.മുഹമ്മദ് റാഫി എന്നിവർ വിശിഷ്ടാതിഥികളായി.
ടി.വി.ബാലൻ, കെ.വീരമണി, കെ.പി.സതീഷ്, വി.ടി.സുഭാഷ് ചന്ദ്രൻ, കെ.പ്രമോദ്, കെ.പി.വി.രാജീവൻ എൻ.കെ.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി പടന്നയിൽ നടത്തിയ തെരുവോര ചിത്രരചനയിൽ കാൽവിരൽ കൊണ്ട് ചിത്രരചന നടത്തുന്ന വൈശാഖ് ഏറ്റുകുടുക്ക, ചിത്രകാരന്മാരായ കെ.വി.കേശവൻ, പുരുഷോത്തമൻ മാവുങ്കാൽ, കെ.വി.മധു, ടി.വി.പ്രകാശൻ, കെ.വി.നരേന്ദ്രൻ, പി.പി.അനഘ, ഭാസി വർണലയം, സൂര്യ വിനായക്, അമൽദേവ് പുതിയകാവ്, രഞ്ജിത്ത് വെള്ളൂർ, മുകേഷ് ഏരിക്കുളം, ടി.കെ.ഗീതമ്മ എന്നിവർ പങ്കെടുത്തു. എഎസ്പി പി.ബാലകൃഷ്ണൻ നായർ ചിത്രകാരന്മാർക്ക് ഉപഹാരങ്ങൾ നല്കി.
കാസർഗോഡ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുമ്പള പാലത്തിനടുത്ത് താത്കാലിക ടോൾ ബൂത്ത് നിർമിക്കാനുള്ള ദേശീയപാത അഥോറിറ്റിയുടെ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു.
ദേശീയപാതയിലെ രണ്ട് ടോൾ ബൂത്തുകൾ തമ്മിൽ 60 കിലോമീറ്റർ ദൂരമുണ്ടാകണമെന്നാണ് നിയമം. എന്നാൽ തലപ്പാടിയിലെ ടോൾ ബൂത്തിൽ നിന്ന് വെറും 23 കിലോമീറ്റർ ദൂരത്തിലാണ് കുമ്പളയിൽ താത്കാലിക ടോൾ ബൂത്ത് നിർമിക്കുന്നത്. ഫലത്തിൽ കാസർഗോഡ് നിന്ന് മംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാർ രണ്ട് ടോൾ നല്കി യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാകും. ഇതൊരിക്കലും അനുവദിക്കാനാകില്ല.
തലപ്പാടി കഴിഞ്ഞാൽ പെരിയ ചാലിങ്കാലിലാണ് യഥാർഥത്തിൽ അടുത്ത ടോൾ ബൂത്ത് സ്ഥാപിക്കുന്നത്. എന്നാൽ ചെങ്കള– തളിപ്പറമ്പ് റീച്ചിലെ ദേശീയപാതയുടെ നിർമാണം ഇഴയുന്നതിനാൽ ഈ ബൂത്ത് അടുത്തൊന്നും സജ്ജമാകാത്ത നിലയാണ്. ഈ സാഹചര്യത്തിലാണ് കുമ്പളയിൽ താത്കാലിക ടോൾ ബൂത്ത് നിർമിക്കാൻ ശ്രമിക്കുന്നത്.
കരാർ കമ്പനിയുടെ അനാസ്ഥയുടെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നും ഇക്കാര്യത്തിൽ ദേശീയപാത അഥോറിറ്റിക്ക് കേന്ദ്രസർക്കാർ അടിയന്തിര നിർദേശം നൽകണമെന്നും എം.രാജഗോപാലൻ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ഇടപെടണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.