ജവഹർ ബാൽ മഞ്ച് സംസ്ഥാന ക്യാമ്പിന് നാളെ പടന്നക്കാട് തുടക്കമാകും
1546019
Sunday, April 27, 2025 7:29 AM IST
കാഞ്ഞങ്ങാട്: ജവഹർ ബാൽ മഞ്ച് സംസ്ഥാന സർഗാത്മക സഹവാസ പഠനക്യാമ്പ് നാളെ മുതൽ 30 വരെ പടന്നക്കാട് നല്ലിടയൻ പള്ളി ഹാളിൽ നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുക്കും. 28 ന് രാവിലെ 10 ന് സംസ്ഥാന ചെയർമാൻ ആനന്ദ് കണ്ണശ്ശ പതാക ഉയർത്തും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു മുഖ്യാതിഥിയാകും. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ മുഖ്യപ്രഭാഷണം നടത്തും. യി സംബന്ധിക്കും. ലഹരിക്കെതിരെ ബോധവത്കരണത്തിനായി ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രകാശനം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ നിർവഹിക്കും.
ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ ചെയർമാൻ ഡോ.ജി.വി. ഹരി ഉദ്ഘാടനം ചെയ്യും. ദേശീയ കോ-ഓർഡിനേറ്റർ ഹസൻ അമൻ മുഖ്യാതിഥിയാകും. ചാറ്റ് വിത്ത് ലീഡേഴ്സ് പരിപാടിയിൽ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവർ പ്രതിനിധികളുമായി സംവദിക്കും.
ലഹരിക്കെതിരെ കൗമാരകേരളം എന്ന പ്രമേയവുമായി വൈകിട്ട് പള്ളിക്കര ബീച്ചിൽ നടക്കുന്ന പരിപാടി കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
ക്യാമ്പിലെ വിവിധ സെഷനുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തിൽ സിനിമാ സംവിധായകന് സമദ് മങ്കട, നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തിയെ കുറിച്ച് എഴുത്തുകാരൻ രമേശ് കാവിൽ, നാടൻപാട്ട് കലാകാരൻ വിജയൻ ശങ്കരംപാടി, സുഭാഷ് വനശ്രീ, നിർമിത ബുദ്ധിയുടെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ എസ്.ശ്രീനന്ദ്, മായാജാല കാഴ്ചകൾ എന്ന വിഷയത്തിൽ മജീഷ്യൻ രാജീവൻ മേമുണ്ട എന്നിവർ ക്ലാസ് നയിക്കും.
ക്യാമ്പിനോടനുബന്ധിച്ച് പടന്നക്കാട് മുതൽ പള്ളിക്കര ബീച്ച് വരെ ദേശീയോദ്ഗ്രഥന സന്ദേശയാത്ര നടത്തും. സമാപന സമ്മേളനം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയാകും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനായ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ, ജവഹർ ബാൽമഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ വി.വി.നിഷാന്ത്, ജില്ലാ ചെയർമാൻ ഷിബിൻ ഉപ്പിലിക്കൈ, അനൂപ് ഓർച്ച എന്നിവർ സംബന്ധിച്ചു.