കണ്ണിന് കുളിര്‍മയായി വനംവകുപ്പ് സ്റ്റാളുകള്‍
1545202
Friday, April 25, 2025 1:53 AM IST
കാലിക്കടവ്: വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ നാല് സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഉത്തര കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം എക്കോ ടൂറിസം സെന്റര്‍ ഏവരെയും ആകര്‍ഷിക്കും തരത്തില്‍ പ്രകൃതിയാണ് പുതുലഹരി എന്ന് ജനങ്ങളെ ബോധിപ്പിക്കും വിധം ഒന്നാം സ്റ്റാളില്‍ വൈവിധ്യങ്ങളായ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സജീവമായി മുന്നോട്ട് പോകുന്നു.
തനത്ഉതപന്നങ്ങളുടെ ശുദ്ധിയും കൃത്യതയും ഉറപ്പുവരുത്തികൊണ്ട് കാട്ടുതേന്‍, മുളയരി, മറയൂര്‍ ശര്‍ക്കര, , കാപ്പിപ്പൊടി, മഞ്ഞള്‍ പൊടി, ചെറുതേന്‍, കുടംപുളി, കുരുമുളക് , ചന്ദന സോപ്പ്, താളിപ്പൊടി, രക്ത ചന്ദനപ്പൊടി, ഇരട്ടിമധുരം, കുന്തിരിക്കം, തലയര്‍ ചായപ്പൊടി, രാമച്ചം, പുല്‍ത്തൈലം, കസ്തൂരിമഞ്ഞള്‍ പൊടി, തേന്‍ നെല്ലിക്ക, ചൂരല്‍ കുട്ട,വട്ടി തുടങ്ങിയ ഇനങ്ങളും മുളയരി പായസവും വില്പനക്കായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ വിവിധ വനതരങ്ങളും ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും വിവിധ വന്യജീവികളുടെ കാല്പാടുകള് തുടങ്ങിയവ ആകര്‍ഷകമായി സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്റ്റാളില്‍ ഒരുക്കിയ ആല്‍മരവും ചിത്രശലഭ വൈവിധ്യവും ഏറെ ആകര്‍ഷമാണ്.
പ്രകൃതിയുടെ നേര്‍ചിത്രം പോലെ തോന്നിപ്പിക്കുന്ന ഫോട്ടോ പോയിന്റും മുളയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരിപ്പിടവും നിരവധിയാളുകളുടെ ശ്രദ്ധകേന്ദ്രമാകുന്നു. മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പത്തിന കര്‍മപരിപാടികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്തു പൊതുസമൂഹത്തെയാകെ വിശ്വാസത്തിലെടുത്തു നടപ്പിലാക്കി വരുന്ന വികസന പദ്ധതികളും നേട്ടങ്ങളും വിളിച്ചറിയിക്കുന്ന ബോര്‍ഡുകളും സമീപ കാലത്തു ജില്ലയിലെ വാര്‍ത്തകളില്‍ ഇടംപിടിച്ച പദ്ധതികളും പരിപാടികളും കൊളാഷ് രൂപത്തിലും മിഷന് സര്‍പ്പയുടെ ഭാഗമായുള്ള കിയോസ്കും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാളുകളിലെ സന്ദര്‍ശകര്‍ക്കായി പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.