അറിവുകൾക്കൊപ്പം ഹൃദയത്തിൽ അലിവുമുണ്ടാകണം: ഫാ.ഡേവിസ് ചിറമേൽ
1546031
Sunday, April 27, 2025 7:29 AM IST
കാസർഗോഡ്: നല്ല അറിവുകൾ ഉള്ളതുകൊണ്ടുമാത്രമായില്ലെന്നും ഹൃദയത്തിൽ അലിവുകൂടി ഉണ്ടായാലേ നല്ല മനുഷ്യരാകാൻ കഴിയുകയുള്ളൂവെന്നും അഖിലേന്ത്യാ കിഡ്നി ഫെഡറേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍ പറഞ്ഞു. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള്‍ 1975 ബാച്ച് വിദ്യാര്‍ഥി കൂട്ടായ്മയായ 75 മേറ്റ്സിന്റെ സുവര്‍ണ ജൂബിലി ആഘോഷം പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ആര്.കെ മാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തു ഗുണം കിട്ടുമെന്ന് ഓരോരുത്തരും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ദു:ഖങ്ങളില്‍ അടയിരിക്കാതെ എല്ലാ പ്രതിസന്ധികളെയും തനിക്ക് മറിക്കടക്കാന്‍ കഴിയുമെന്ന് ജീവിതം കൊണ്ട് തെളിയിക്കണം. നോ എന്ന വാക്കിന് നെക്സ്റ്റ് ഓപ്പർച്യൂണിറ്റി എന്നുകൂടി അർഥമുണ്ടെന്ന് മനസ്സിലാക്കണം. ഒരു വാതില്‍ അടഞ്ഞൂവെന്ന് കരുതി എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടതില്ലെന്നും അടുത്ത വാതിലിലൂടെ ലക്ഷ്യത്തിലേക്ക് നടന്നുകയറാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
75 മേറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സേവനപ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. ഡിവൈഎസ്പി സി.കെ. സുനില്‍ കുമാര്‍, നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം എന്നിവര്‍ മുഖ്യാതിഥികളായി. കേന്ദ്ര സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ. മുഹമ്മദുണ്ണി എന്ന മുസ്തഫ മുഖ്യപ്രഭാഷണം നടത്തി.
കൂട്ടായ്മ ചെയര്മാന് ടി.എ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എം.എ.ലത്തീഫ് സുവര്‍ണ ജൂബിലി ആഘോഷ പദ്ധതികള്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.എ.ഖാലിദ്, ടി.എ.ഷാഫി, ടി.എ.മുഹമ്മദ് കുഞ്ഞി, എം.എ.അഹമ്മദ്, പി.എം.കബീര്‍ എന്നിവർ പ്രസംഗിച്ചു. ഗോള്‍ഡന്‍ ജൂബിലി ലോഗോ തയ്യാറാക്കിയ ഹിബ മജീദിന് ഫാ.ഡേവിസ് ചിറമേല്‍ ഉപഹാരം സമ്മാനിച്ചു.