ജോഷിസാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1514264
Saturday, February 15, 2025 1:51 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ അന്തരിച്ച ജോഷി ജോസഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളരിക്കുണ്ടിൽ പ്ലസ്ടു ആരംഭിച്ച കാലം മുതൽ അധ്യാപകനായിരുന്ന ജോഷി സാറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം ശിഷ്യഗണങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു വെള്ളരിക്കുണ്ടിൽ സോഷ്യൽ വർക്ക് വിഷയം അനുമതി നേടിയെടുത്തത്. മലയോരത്ത് ഈ വിഷയം ഉള്ള ഏക ഹയർസെക്കൻഡറി സ്കൂളും കൂടിയാണ് സെന്റ്് ജൂഡ്സ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ സ്കൂൾ മുറ്റത്ത് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വിദ്യാർഥികളും പൂർവവിദ്യാർഥികളും സഹപ്രവർത്തകരും നാട്ടുകാരുമായി നൂറുകണക്കിന് ആൾക്കാരാണ് ഒഴുകിയെത്തിയത് ആദ്യ മാനേജർ ഫാ.ജോർജ് ചിറയിൽ ആദരാഞ്ജലി അർപ്പിച്ചു സംസാരിച്ചു.
വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം നേതൃത്വം നൽകി. തുടർന്ന് പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ഫെറോനാ വികാരിയും മാനേജരുമായ റവ.ഡോ.ജോൺസൺ അന്ത്യാകുളം കാർമികനായിരുന്നു. സംസ്കാര ശുശ്രൂഷക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ, ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പ്രിൻസിപ്പൽ കെ.കെ.ഷാജു, സി.സി.മോൻസി എന്നിവർ പ്രസംഗിച്ചു.