ജില്ലാ പഞ്ചായത്ത് ബജറ്റ്: പ്രഥമ പരിഗണന അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്
1532385
Thursday, March 13, 2025 12:49 AM IST
കാസര്‍ഗോഡ്: അതിദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രഥമ പരിഗണന നല്കി ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. 97,27,61,211 രൂപ പ്രതീക്ഷിത വരവും 96,01,21,000 രൂപ പ്രതീക്ഷിത ചെലവും ഉള്‍പ്പെടെ 1,26,40,211രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കാര്‍ഷികമേഖലയ്ക്ക് 1.75 കോടി
ഗ്രാമീണ റോഡ് നവീകരണത്തിന് 12.80 കോടി
ആരോഗ്യമേഖലയ്ക്ക് 8.50 കോടി
ബേക്കല്‍ ജിഎഫ്എച്ച്എസ്എസില്‍ കടലറിവ് മ്യൂസിയം
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിന് 9,90,67,000
ടിഷ്യുകള്‍ച്ചര്‍ വാഴ നഴ്സറി
കരിക്ക് കൊണ്ട് ഐസ്ക്രീം, ഷെയ്ക്ക് ഉണ്ടാക്കുന്നതിനുള്ള യൂണിറ്റ്
നീലേശ്വരം അപ്പാരല്‍ പാര്‍ക്കില്‍ വനിതാ ഹോസ്റ്റല്‍
ചീമേനി തുറന്ന ജയിലിനോടനുബന്ധിച്ച് ലഹരിമുക്തകേന്ദ്രവും തൊഴില്‍ പരിശീലനകേന്ദ്രവും
പൊതുയിടങ്ങളില്‍ സെന്‍സര്‍ സംവിധാനമുള്ള ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകള്
കെഎസ്ആര്‍ടിസിയും ബിആര്ടിസിയുമായി സഹകരിച്ച് കാസര്‍ഗോഡന്‍ സഫാരി
മാലിന്യനിര്‍മാര്‍ജനത്തിന് 75 ലക്ഷം
വയോജനങ്ങള്‍ക്കായി സായന്തനം കെയര്‍ പദ്ധതി
പഴയ പദ്ധതികള്‍ മറന്ന് ജില്ലാ പഞ്ചായത്ത്
കാസര്‍ഗോഡ്: മുന്‍ ബജറ്റുകളില്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളെ പാടെ അവഗണിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്. കഴിഞ്ഞ ബജറ്റില്‍ ചട്ടഞ്ചാല്‍ അഗ്രിഹബ് ആരംഭിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം ഇതിനായി വിനിയോഗിക്കുമെന്നും പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രരംഭപ്രവര്ത്തനം പോലും ആരംഭിച്ചിട്ടില്ലെന്നു മാത്രമല്ല, ഈ ബജറ്റില്‍ ഈ പദ്ധതിയെക്കുറിച്ച് പരാമര്‍ശം പോലുമില്ല. 3.39 കോടി രൂപ ചെലവഴിച്ച് ചട്ടഞ്ചാലില്‍ നിർമ്മിച്ച ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിട്ടും ഇതു പുനരാരംഭിക്കുന്ന കാര്യത്തെക്കുറിച്ചും ബജറ്റ് മിണ്ടുന്നില്ല.
മുന്‍ ബജറ്റുകളില്‍ പറഞ്ഞിരുന്ന ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ സോളാര്‍ പാടം, ആശുപത്രികളില്‍ ഭക്ഷണം എത്തിച്ചുനല്‍കാനുള്ള സെന്‍ട്രലൈസ്ഡ് കിച്ചണ്‍, പാല് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും ഫ്രൂട്ട് പള്‍പ്പിന്റെയും യൂണിറ്റുകള്‍, മില്ലെറ്റ് മില്‍, തെങ്ങിന്റെ മഞ്ഞളിപ്പ് രോഗം പരിഹരിക്കാന്‍ പദ്ധതി, ഓരോ വിദ്യാഭ്യാസജില്ലയിലെയും തെരഞ്ഞെടുത്ത ഓരോ സ്കൂളിന് പ്രത്യേക കായികയിനത്തില്‍ സമ്പൂര്‍ണ വികസനത്തിനാവശ്യമായ അധുനിക സൗകര്യങ്ങള്‍, കാസര്‍ഗോഡ് വികസന പഠനകേന്ദ്രം, കുടുംബശ്രീയുമായി ചേര്‍ന്ന് ഹോം നഴ്സിംഗ് പരിശീലനം, സ്പോര്‍ട്സ് ഹബ് സ്കൂളുകള്‍, ടര്‍ഫ് കോര്‍ട്ട് നിര്‍മാണം, ഭിന്നലിംഗക്കാര്‍ക്ക് ഷെല്‍ട്ടര്‍ ഹോം, എല്ലാ ബ്ലോക്കുകളിലും എബിസി പദ്ധതി എന്നിവയൊക്കെ വെറും വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങി.