പണി തീരാറായിട്ടും കുരുക്കൊഴിയുന്നില്ല
1531835
Tuesday, March 11, 2025 2:04 AM IST
കാസർഗോഡ്: തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാതയുടെ ആദ്യറീച്ചിൽ നിർമാണപ്രവൃത്തികൾ ഏതാണ്ട് തീരാറായിട്ടും ഗതാഗതക്കുരുക്കൊഴിയുന്നില്ല. ഇതുവരെയുണ്ടായ പ്രായോഗികപ്രശ്നങ്ങളൊന്നും പരിഹരിക്കാതെ ആറുവരിപ്പാതയുടെ നിർമാണം എളുപ്പത്തിൽ പൂർത്തിയാക്കി കൈമാറാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
മൊഗ്രാൽ, ഷിറിയ, ഉപ്പള എന്നിവിടങ്ങളിലെ പഴയ രണ്ടുവരി പാലങ്ങൾ അതേപടി നിലനിർത്തി ദേശീയപാത തുറന്നുകൊടുക്കുന്നത് വലിയ അപകടസാധ്യതയ്ക്ക് വഴിവക്കുമെന്ന ആശങ്ക ശക്തമാണ്. മഞ്ചേശ്വരം വാമഞ്ചൂരിൽ ഇതേപോലെ നിലനിർത്തിയ ചെറിയ രണ്ടുവരി പാലത്തിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മൂന്നുപേർ മരിക്കാനിടയായ അപകടം സംഭവിച്ചത്. ഇരുവശങ്ങളിലേക്കും മൂന്നുവരിയായി ഗതാഗതസൗകര്യമുള്ള ദേശീയപാതയിൽ നിന്ന് പൊടുന്നനേ രണ്ടുവരിപ്പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ സാമാന്യം വേഗത്തിലുള്ള വാഹനങ്ങൾക്ക് നിയന്ത്രണം വിട്ടുപോകാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം ഉപ്പള പാലത്തിന് സമീപവും കാർ ഡിവൈഡറിൽ ഇടിച്ചിരുന്നു.
പഴയ പാലങ്ങൾ പൊളിച്ചുപണിയാൻ ദേശീയപാതയുടെ നിർമാണക്കരാറിൽ വ്യവസ്ഥയില്ലെന്നാണ് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതർ പറയുന്നത്. എന്നാൽ ദേശീയപാതയുടെ ഒരു റീച്ചിലെ ആകെ നിർമാണച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പാലങ്ങൾ പൊളിച്ചുപണിയാനുള്ള ചെലവ് തീരെ കുറവാണ്. എത്രയും വേഗത്തിൽ ഈ തുക കൂടി അനുവദിച്ച് പാലങ്ങൾ പൊളിച്ച് മൂന്നുവരിയിൽ പുനർനിർമിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാതയുടെ ഉദ്ഘാടനം കഴിഞ്ഞ് കൂടുതൽ അപകടങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടായശേഷമാണ് പാലങ്ങൾ പുനർനിർമിക്കുന്നതെങ്കിൽ അതിന് എസ്റ്റിമേറ്റ് തുക ഇപ്പോൾ വേണ്ടിവരുന്നതിന്റെ ഇരട്ടിയിലേറെയാകുമെന്ന് ഉറപ്പാണ്.
ദേശീയപാത നിർമാണം അവസാനഘട്ടത്തിലെത്തിയപ്പോൾ കുമ്പള ടൗണിലേക്കുള്ള വഴിയടച്ചത് നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമായി. തൊട്ടടുത്ത മൊഗ്രാലിൽ ഇടുങ്ങിയ സർവീസ് റോഡിനോടു ചേർന്നുള്ള ഓവുചാൽ നിർമാണവും ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും വഴിവെക്കുന്നു. മുന്നറിയിപ്പില്ലാതെ സർവീസ് റോഡ് അടച്ചിട്ട് ബസുകളടക്കമുള്ള വാഹനങ്ങളെ പുതിയ പാതയിലൂടെ തിരിച്ചുവിട്ടാണ് ഓവുചാൽ നിർമാണം തുടങ്ങിയത്. ഇതോടെ മൊഗ്രാൽ ടൗണിലുള്ള യാത്രക്കാർക്ക് ബസ് കയറണമെങ്കിൽപോലും ഓട്ടോ പിടിച്ച് അടുത്ത സ്റ്റോപ്പുകളിലെത്തേണ്ട അവസ്ഥയായി. ഈ പ്രശ്നം പരിഹരിക്കാൻ പിന്നീട് സർവീസ് റോഡ് തുറന്നുകൊടുത്തെങ്കിലും ഓവുചാൽ നിർമാണത്തിലെ മെല്ലെപ്പോക്ക് മൂലം സർവീസ് റോഡിൽ ഗതാഗതക്കുരുക്കൊഴിയാത്ത അവസ്ഥയായി.
ഉയർത്തിക്കെട്ടിയ പാതയ്ക്ക് താഴെയുള്ള ഇടുങ്ങിയ സർവീസ് റോഡിനോടുചേർന്ന് ഓവുചാൽ നിർമിക്കാനായി കുഴിയെടുത്തതോടെ കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി പോകാൻ സ്ഥലമില്ലെന്ന നിലയാണ്. കുഴിയെടുത്ത ഭാഗത്ത് ബാരിക്കേഡുകൾകൂടി സ്ഥാപിച്ചതോടെ ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നുപോകാവുന്ന വീതി മാത്രമേയുള്ളൂ. അതിനിടയിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഓവുചാലിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി സർവീസ് റോഡെങ്കിലും സാധാരണ നിലയിലാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.