കോടോം-ബേളൂർ പഞ്ചായത്ത് ബജറ്റ്: കുടിവെള്ളവിതരണത്തിന് മുൻഗണ
1532709
Friday, March 14, 2025 12:50 AM IST
അട്ടേങ്ങാനം: എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ ആറു കുടിവെള്ളസംഭരണികൾ കൂടി പുതുതായി നിർമിക്കുമെന്ന് കോടോം-ബേളൂർ പഞ്ചായത്ത് ബജറ്റ്. 43,54,43,816 രൂപ വരവും 42,51,49,100 രൂപ ചെലവും 10,29,4716 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അവതരിപ്പിച്ചത്.
ലൈഫ് പദ്ധതിയിൽ പുതിയ ഭവനം നിർമ്മിക്കാനും നവീകരിക്കാനും ജനറൽ വിഭാഗത്തിന് 60 ലക്ഷം രൂപയും പട്ടിക വർഗ വിഭാഗത്തിന് 67 ലക്ഷം രൂപയും നവീകരണത്തിന് 37 ലക്ഷം രൂപയും അനുവദിച്ചു. നിർമാണത്തിലിരിക്കുന്ന ഒടയംചാൽ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് ഉടൻ ഉദ്ഘാടനം ചെയ്യും.
നെൽകൃഷി, പച്ചക്കറി കൃഷി എന്നിവയ്ക്ക് ഓരോ ലക്ഷം രൂപയും, കിഴങ്ങ് വർഗവിളകൾക്ക് രണ്ടു ലക്ഷം രൂപയും ഓണത്തിന് ഒരു കുട പൂവ് പദ്ധതിക്ക് ഒരു ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. റോഡുകൾക്കും അറ്റകുറ്റപ്പണികൾക്കുമായി 5,31,16,000 രൂപ വകയിരുത്തിയിട്ടുണ്ട്.