കച്ചേരിക്കടവ് പാലം ഒരുങ്ങുന്നു
1532703
Friday, March 14, 2025 12:50 AM IST
നീലേശ്വരം: നഗരസിരാകേന്ദ്രമായ മാർക്കറ്റ് ജംഗ്ഷൻ ദേശീയപാത നവീകരണത്തോടെ രണ്ടായ വിഭജിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്കൊഴിവാക്കാൻ നീലേശ്വരത്തിന് പുതിയ പ്രതീക്ഷയായി കച്ചേരിക്കടവ് പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു.
പടന്നക്കാട് നെടുങ്കണ്ടയിലെ കുമ്മായക്കമ്പനി പരിസരത്തുനിന്നാരംഭിച്ച് നീലേശ്വരത്തെ പുതിയ നഗരസഭാ ഓഫീസിനു മുന്നിലെത്തുന്ന പാലത്തിന്റെയും സമീപനറോഡിന്റെയും നിർമാണം പൂർത്തിയാകുന്നതോടെ ദേശീയപാതയിൽനിന്ന് നീലേശ്വരം നഗരത്തിലേക്ക് പുതിയൊരു വഴി കൂടി തുറക്കും.
ഇതോടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മാർക്കറ്റ് ജംഗ്ഷനിലെത്താതെ ചുരുങ്ങിയ ദൂരത്തിൽ നീലേശ്വരത്തേക്ക് പ്രവേശിക്കാൻ കഴിയും. മലയോരമേഖലയിലേക്കുള്ള ബസുകളെയുൾപ്പെടെ ഇതുവഴി തിരിച്ചുവിടാനാകുമെന്നാണ് പ്രതീക്ഷ.
കിഫ്ബി പദ്ധതിയിൽ 20.4 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ജോലികൾ പുരോഗമിക്കുന്നത്.
ആകർഷണമാകാൻ ബൗസ്ട്രിംഗ് ഗർഡർ
181 മീറ്റർ നീളമുള്ള പാലത്തിന്റെ മധ്യഭാഗത്ത് കൂടുതൽ ഉയരം കിട്ടുന്ന വിധത്തിൽ സ്ഥാപിക്കുന്ന ബൗസ്ട്രിംഗ് ഗർഡർ കച്ചേരിക്കടവ് പാലത്തിന്റെ ഏറ്റവും വലിയ ആകർഷണമാകും. വില്ലുപോലെ വളഞ്ഞുനിൽക്കുന്ന ഗർഡറെന്ന നിലയിലാണ് ഈ പേരു വന്നത്.
ഈ ഭാഗത്തിന്റെ അടിയിലൂടെ നിർദിഷ്ട ഉൾനാടൻ ജലപാതയുടെ ഭാഗമായി ജലഗതാഗതം സാധ്യമാകുന്നതിനായാണ് മുകളിലേക്ക് വളഞ്ഞുനിൽക്കുന്ന ഗർഡർ സ്ഥാപിക്കുന്നത്. പാലത്തിനു മുകളിലൂടെ പോകുന്ന വാഹനങ്ങൾക്ക് കുത്തനെയുള്ള കയറ്റവും ഇറക്കവും അനുഭവപ്പെടാത്ത വിധത്തിൽ 55 മീറ്റർ നീളത്തിലാണ് വളഞ്ഞ ഗർഡർ സ്ഥാപിക്കുക. വിദേശരാജ്യങ്ങളിൽ മാത്രം പൊതുവേ കണ്ടു പരിചയമുള്ള രീതിയിലുള്ള ഇത്തരമൊരു നിർമിതി പാലത്തിന്റെ ദൃശ്യഭംഗിക്കും മുതൽക്കൂട്ടാകും.