സമാനകേസുകള്ക്കെല്ലാം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം: എഎച്ച്എസ്ടിഎ
1531495
Monday, March 10, 2025 12:53 AM IST
കാസര്‍ഗോഡ്:എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ഭിന്നശേഷി സംവരണം പാലിക്കുന്നതിന് വേണ്ടി സുപ്രീംകോടതി നിര്‍ദേശം പ്രകാരം ബാക്ക്ലോഗ് കണക്കാക്കി മാനേജ്മെന്റുകള്‍ പോസ്റ്റുകള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഭിന്നശേഷി വിഭാഗത്തിലുള്ളവരെ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടെന്ന് എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന് പറഞ്ഞു. റോസ്റ്റര്‍ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി മാറ്റിവച്ചതിനു ശേഷമുള്ള മറ്റു പോസ്റ്റുകളിലെ നിയമനവും താല്‍ക്കാലികം എന്ന രീതിയിലാണ് നിലവില്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നത്. ഇതു കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാര്‍ നടത്തുന്ന അപ്രഖ്യാപിത നിയമന നിരോധനമാണ്.
ഈ വിഷയത്തില്‍ എന്‍എസ്എസ് മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. സംവരണ തസ്തികകള്‍ വിട്ടുനല്‍കിയ മാനേജമെന്റുകള്‍ക്ക് കീഴിലുള്ള നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുന്നതിന് അനുവാദം നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണായക വിധി വന്നിരിക്കുന്നത്. എന്‍എസ്എസ് മാനേജ്മെന്റ് സമര്‍പ്പിച്ച എസ്എല്‍പി നമ്പര്‍ 11373/2024 കേസ് പ്രത്യേകമായി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
ബാക്ക്ലോഗ് പ്രകാരം നിശ്ചിത എണ്ണം സംവരണ തസ്തികകള്‍ നീക്കിവച്ച് ഒഴിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പോലും മതിയായ എണ്ണം സംവരണ ഉദ്യോഗാര്‍ഥികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത തസ്തികകളുമായി ബന്ധമില്ലാതെ മാനേജരുടെ അധികാരപരിധിയില്‍ നടത്തിയിട്ടുള്ള മറ്റു സ്വതന്ത്ര നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യം കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞിട്ടുള്ളത്. തസ്തികകള്‍ വിട്ടുകൊടുത്ത മാനേജ്മെന്റുകള്‍ക്ക് കീഴില്‍ 2021 നവംബര്‍ എട്ടിനുശേഷം നടന്ന ദിവസവേതന നിയമനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും പ്രതീക്ഷ നല്‍കുന്നതുമായ ഉത്തരവാണിത്.
സംവരണ തസ്തികകള്‍ പ്രത്യേകമായി നീക്കിവച്ചുകഴിഞ്ഞാല് മറ്റ് നിയമനങ്ങള്‍ വര്‍ഷങ്ങളോളം പ്രൊവിഷണല്‍ ആയും ദിവസവേതന അടിസ്ഥാനത്തിലും തുടരേണ്ടിവരുന്ന സാഹചര്യത്തിലെ യുക്തിഹീനത കോടതിക്ക് ബോധ്യപ്പെട്ടതാണ് നിര്‍ണായക ഉത്തരവിന് കാരണമായത്.ഈ ഉത്തരവ് സമാന കേസുകളില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ എല്ലാ നിയമനങ്ങള്ക്കംബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയാല്‍ സംസ്ഥാനത്തെ എയ്ഡഡ് മേഖലയെ ഗുരുതരമായി ബാധിച്ച ഒരു വിഷയത്തിന് പരിഹാരം കാണാനാകും.
സുപ്രീം കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി മേഖലയെ തകര്‍ക്കുന്ന നിയമന നിരോധന സമീപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന പൊതുമേഖലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളെ സംരക്ഷിക്കാനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും എഎച്ച്എസ്ടിഎ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ബി. അന്‍വര്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ ഫോറം ചെയര്മാന് മെജോ ജോസഫ്, ഷിനോജ് സെബാസ്റ്റ്യന്‍, പി.ശ്രീജ, കെ.പ്രേമലത, കെ.ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രവീണ്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ റംസാദ് അബ്ദുള്ള നന്ദിയും പറഞ്ഞു.