സ്ഥാപനങ്ങളില്‍ സര്‍വേ ആരംഭിച്ചു
1531494
Monday, March 10, 2025 12:53 AM IST
കാസര്‍ഗോഡ്: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിനിന്റെ ഭാഗമായി കാര്‍ബണ്‍ ആഗിരണം, കാര്‍ബണ്‍ പുറംതള്ളല്‍ എന്നിവയുടെ തോത് കണക്കാക്കുന്നതിനായി ജില്ലയില്‍ സര്‍വേ ആരംഭിച്ചു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ ഹരിതകേരളം മിഷന് തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത പടന്നക്കാട് നെഹ്റു കോളജ്, കാസര്‍ഗോഡ് ഗവ. കോളജ്, കരിന്തളം കെസിസിപിഎല്‍, മേലാങ്കോട് എസികെഎന്‍എസ് ജിയുപിഎസ് എന്നീ നാലു സഥാപനങ്ങളിലാണ് സര്‍വേ ആരംഭിച്ചത്.
ഇതിനായി പരിശീലനം ലഭിച്ച ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍സ് എന്നിവരടങ്ങുന്ന ടീം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി. സ്ഥാപന അധ്യക്ഷന്മാരും പ്രധാന പ്രവര്‍ത്തകരും ഹരിതകേരളം മിഷന് പ്രതിനിധികളുമടങ്ങുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. 15നകം റിപ്പോര്‍ട്ട് അന്തിമമാക്കും. സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണം, വെള്ളം, കൃഷി, ഊര്‍ജം, ഗതാഗതം, പച്ചത്തുരുത്ത്, വൃക്ഷവത്കരണം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. കാസര്‍ഗോഡ് ഗവ. കോളജിലെ ഗ്രീന്‍ ആര്‍മി ടീം, നെഹ്റു കോളജ് എന്‍എസ്എസ് ടീം എന്നിവരും പ്രവര്‍ത്തനത്തിന് കൂടെയുണ്ട്.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന് ജില്ലയില്‍ 12 പഞ്ചായത്തുകളിലാണ് നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ട സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് കൂടി സര്‍വേ വ്യാപിപ്പിക്കും.