ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ വിളയിച്ചു; അടുത്തപടി ചോറിനുള്ള അരി
1532091
Wednesday, March 12, 2025 1:22 AM IST
പിലിക്കോട്: കാര്‍ഷിക സംസ്കാരം അന്യം നിന്നുപോകുന്ന പുതിയ കാലത്ത് വിദ്യാര്‍ഥികളെ കൃഷിയിലേക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടക്കാട് ഗവ. വെല്ഫേര് യുപി സ്കൂളില്‍ ആരംഭിച്ച സമൃദ്ധി കാര്‍ഷിക പദ്ധതി പകര്‍ന്നു നല്‍കുന്നത് പുതിയ പാഠം. വിഷരഹിതമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ പിടിഎ, എംപിടിഎ, എസ്എംസി, രക്ഷിതാക്കള്‍ എന്നിവര്‍ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക പദ്ധതിയാണ് സമൃദ്ധി. തങ്ങളുടെ ആവശ്യത്തിനായി പച്ചക്കറികള്‍ സ്കൂള്‍ പറമ്പില്‍ തന്നെ ഉത്പാദിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് അത് പുതിയ അനുഭവമായി മാറി.
സ്കൂള്‍ പറമ്പില്‍ നട്ടുവളര്‍ത്തിയ ചീരയും വെള്ളരിയും കുമ്പളവുമെല്ലാം ഉച്ച ഭക്ഷണത്തിന് സ്വാദ് കൂട്ടുന്നു. രാവിലെ അധ്യാപകരും കുട്ടികളും കൃഷി പരിപാലനത്തില്‍ സജീവമാകുമ്പോള്‍ വൈകുന്നേരങ്ങളില്‍ അത് രക്ഷിതാക്കളുടെ കടമയാണ്. ഡിസംബറില്‍ ആരംഭിച്ച കൃഷിയില്‍ നിന്ന് ഇപ്പോള്‍ രണ്ടുമാസമായി വിളവ് ലഭിക്കുന്നുണ്ട്. പയര്‍, തക്കാളി, വഴുതിന എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കും.
പച്ചക്കറിക്ക് പുറമേ തൊട്ടടുത്ത വയലിൽ നെല്‍ക്കൃഷിയും വിളവെടുപ്പിന് തയാറായിട്ടുണ്ട്. അടുത്തു തന്നെയുള്ള ആര്യക്കാടി പാടശേഖരം പാട്ടത്തിന് എടുത്തതാണ് സ്കൂളിലെ ജൈവ നെല്‍കൃഷി ചെയ്യുന്നത്. പിലിക്കോട് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണ സമൃദ്ധിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഭാവി തലമുറയ്ക്ക് കാര്‍ഷികബോധം നല്കുന്നതില് സമൃദ്ധി നിര്‍ണായക പങ്ക് വഹിക്കുമെന്ന് മുഖ്യാധ്യാപകന്‍ ജയ്ദീപ് വ്യക്തമാക്കി.