ആസ്വാദകരെ ഇളക്കിമറിച്ച് മട്ടന്നൂർ ശങ്കരൻകുട്ടിയും പ്രകാശ് ഉള്ളിയേരിയും
1531385
Sunday, March 9, 2025 7:49 AM IST
തൃക്കരിപ്പൂർ: പൗരസ്ത്യ ഉപകരണങ്ങളായ ചെണ്ടയും ഇടക്കയും തിമിലയും തബലയും പാശ്ചാത്യ വാദ്യോപകരണങ്ങളായ ഗിറ്റാറും വയലിനും ജാസ് ഡ്രംസും കൂടെ കീബോർഡും ഹാർമോണിയവും ചേരുമ്പോൾ കഥ എന്താവും. ഇവയൊക്കെ ഒരുമിച്ച് ചേർത്തുള്ള തൃകായ മ്യൂസിക് ഫ്യൂഷൻ രാമവില്യം കഴകം പെരുങ്കളിയാട്ട മഹോത്സവ നഗരിയിൽ സംഗീത പെരുമഴ പെയ്യിച്ചു.
മട്ടന്നൂർ ശങ്കരൻകുട്ടിയും നാദപ്രതിഭ പ്രകാശ് ഉള്ളിയേരിയും ചേർന്ന് ഒരുക്കിയ തൃകായ മ്യൂസിക് ബാൻഡൊരുക്കിയ ഫ്യൂഷൻ സംഗീത ആസ്വാദകരെ ഇളക്കിമറിച്ചു. പാട്ട് ആവശ്യപ്പെട്ട് സെക്കൻഡുകൾക്കകം അതു മെലഡിയെന്നോ സെമിക്ലാസിക്കലെന്നോ നാടക ഗാനമെന്നോ അതിലപ്പുറം നാടൻ പാട്ടുകൾ പോലും ഹാർമോണിയം ഉപയോഗിച്ച പ്രകാശ് ഉള്ളിയേരി ആസ്വാദകരെ വിസ്മയിപ്പിച്ചു.
ഫ്യൂഷൻ അവതരണത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി,മക്കളായ ശ്രീരാജ്, ശ്രീകാന്ത് എന്നിവർക്കൊപ്പം ഒറ്റപ്പാലം ഹരി തിമിലയുംമഹേഷ് മണി തബലയും ഋഷികേശ് ഡ്രംസും വായിച്ചു. ആയിരങ്ങളാണ് മ്യൂസിക് ഫ്യൂഷൻ ആസ്വദിക്കാനെത്തിയത്.