കടലോര മേഖലയുടെ സമഗ്രവികസനം യാഥാര്‍ഥ്യമാക്കണം: എംപി
1531841
Tuesday, March 11, 2025 2:04 AM IST
കാസര്‍ഗോഡ്: മണ്ഡലത്തിലെ കടലോര മേഖലയുടെ സമഗ്ര വികസനം യാഥാര്‍ഥ്യമാക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. മഞ്ചേശ്വരം, കാഞ്ഞങ്ങാട് അജാനൂര്‍, നീലേശ്വരം, ചെറുവത്തൂര്‍, രാമന്തളി എട്ടിക്കുളം, പഴയങ്ങാടി ചൂട്ടാട് മാട്ടൂല്‍ തുടങ്ങി കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കടലോര മേഖല സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാസര്‍ഗോഡ് ലോക്സഭ മണ്ഡലം. സീപോര്‍ട്ട്, വികസനത്തിനും കടലാക്രമണം തടയാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടു കൊണ്ടുമാത്രം ഇന്നും യാഥാര്‍ഥ്യമാകാതെ കിടക്കുന്നത്. ഇതിനൊരു സ്ഥിരപരിഹാരം കാണണമെന്ന് എംപി ആവശ്യപ്പെട്ടു.
മടക്കര, അജാനൂർ
തുറമുഖങ്ങൾ
മടക്കര, അജാനൂര്‍ തുടങ്ങിയ മത്സ്യബന്ധന തുറമുഖത്തിന്റെ സമഗ്ര വികസനത്തിനായി ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി നടപ്പിലാക്കുന്നതും കാത്തിരിക്കുകയാണ്. മീന്‍പിടിത്ത തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമായ നൂറുകണക്കിന് വള്ളങ്ങളാണ് വിവിധ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ മീന്‍ പിടിക്കുന്നത്. എന്നാല്‍ തുറമുഖത്ത് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മത്സ്യ ത്തൊഴിലാളികളും, മത്സ്യവ്യാപാരികളും, ചെറുകിട കച്ചവടക്കാരും അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. അജാനൂരില്‍ ഹാര്‍ബര്‍ നിര്‍മ്മാണം എങ്ങുമെത്തിയില്ല, നാട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലധികമായി, അജാനൂരില്‍ ഹാര്‍ബര്‍ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രദേശത്ത് മഴക്കാലത്ത് കടലാക്രമണ ഭീഷണിയും രൂക്ഷമാണ്. ചിത്താരി മുതല്‍ നീലേശ്വരം വരെ മാത്രം 1700ല്‍ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട്. ഭൂരിഭാഗം പേരുടെയും ഉപജീവനമാര്‍ഗം മത്സ്യബന്ധനമായതുകൊണ്ട് തുറമുഖമില്ലാത്തിനാല് മഴക്കാലങ്ങളില്‍ കടലില്‍ പോയി തിരിച്ചു വരാന്‍ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല ഇവിടെ തോണി അപകടത്തില്‍ കടലില്‍ പൊലിഞ്ഞ ജീവിതങ്ങളും ഏറെയാണ്.കേന്ദ്ര സംഘത്തിന്റെ അവസാന പഠനം പൂര്‍ത്തിയായി സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി വീശി കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുന്നുവെന്നും എംപി കൂട്ടിചേര്‍ത്തു.
മടക്കരയില്‍ തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ ചാനല്‍ ടെട്രാപോഡ് ഉപയോഗിച്ച് ബലപ്പെടുത്തല്‍, മത്സ്യം തുറമുഖത്ത് ഇറക്കി കഴിഞ്ഞതിനു ശേഷം ബോട്ടുകളും, വള്ളങ്ങളും സുരക്ഷിതമായി കെട്ടി നിര്‍ത്താനുള്ള വാര്‍ഫ്, തുറമുഖം മുതല്‍ മടക്കരയിലെ പഴയ മത്സ്യബന്ധന കേന്ദ്രം വരെ പെര്ച്ചിംഗ് വാര്‍ഫ്, തുറമുഖത്ത് രണ്ടാമതായിപുതിയ ഓക്ഷന് ഹാള്‍, ഓക്ഷന് ഹാള്‍ വൃത്തിയായി ശുചീകരിക്കുന്നതിന് പ്രഷര്‍ പമ്പ് സിസ്റ്റം, ബോട്ടില്‍ നിന്ന് മത്സ്യം നേരിട്ട് കരയില്‍ എത്തിക്കുന്നതിന് മെക്കാനി ക്കല്‍ കണ്‍വെയര്‍ സിസ്റ്റം, തുറമുഖത്ത് നിലവിലുള്ള ഓക്ഷന് ഹാള്‍ പ്ലെയിന്ഡ് ഗ്രാനെറ്റ് ഉപയോഗിച്ച് നവീകരിക്കല്‍ തുടങ്ങിയവയാണ് തുടർപദ്ധതിയില് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുത്തിരിക്കുന്ന പല പദ്ധതികളും വെളിച്ചം കാണാതെ ഇരിക്കുകയാണെന്നു എംപി പറഞ്ഞു.
പുലിമുട്ട് നിർമാണം
കല്യാശേരി, പയ്യന്നൂര്‍ മണ്ഡലത്തില്‍പെടുന്ന പെരുമ്പ പുഴ അറബിക്കടലില്‍ ചേരുന്ന ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് മണ്ണടിയുന്നതു പതിവാണ്. ഒഴുക്ക് തടസപ്പെടുന്നതോടെ വെള്ളപ്പൊക്കം ഉണ്ടാകും. അഴിമുഖത്തിനകത്ത് ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ചൂട്ടാട് മഞ്ച, പാലക്കോട് ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനത്തിനു പോകുന്ന തോണികള്‍ക്കും മണല്‍ത്തിട്ട അപകടമാണ്.
മണല്‍ത്തിട്ടയിലിടിച്ച് തോണികള്‍ അപകടത്തില്‍പ്പെടുകയും മത്സ്യത്തൊഴിലാളികളുടെ ജവൻ നഷ്ടടപ്പെടുകയും ചെയ്തോടെ ഈ സ്ഥിതിക്കു പരിഹാരമെന്ന നിലയിലും അഴിമുഖത്തിന്റെ സംരക്ഷണത്തിനുമായാണ് ഇരുകരകളിലുമായി പുലിമുട്ട് നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. 28.60 കോടി രൂപ ചെലവിട്ട പദ്ധതിയില്‍ പാലക്കോട് ഭാഗത്ത് 365 മീറ്റര്‍, ചൂട്ടാട് ഭാഗത്ത് 210 മീറ്റര്‍ നീളത്തില്‍ കടലിലേക്ക് രണ്ടു പുലിമുട്ടുകളുടെ നിര്‍മിക്കേണ്ടതുണ്ട്. ഇതിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് എംപി പറഞ്ഞു.