കരുതലും കൈത്താങ്ങും അദാലത്തിലെ പരാതിക്കാരന് 50 ദിവസമായി സമരത്തിൽ
1532088
Wednesday, March 12, 2025 1:22 AM IST
കാസര്‍ഗോഡ്: കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രിമാര്‍ നേരിട്ട് പരിഗണിച്ച ഭൂമിപ്രശ്നത്തില്‍ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാരോപിച്ച് പരാതിക്കാരന് കളക്ടറേറ്റ് പടിക്കൽ നടത്തുന്ന സത്യഗ്രഹസമരം 50 നാൾ പിന്നിടുന്നു. കാസർഗോഡ് തെക്കിൽ സ്വദേശി ബി.എ. ഇസ്മായിലാണ് അമ്മയ്ക്ക് പട്ടയം ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി സത്യഗ്രഹ സമരം നടത്തുന്നത്.
അമ്മയുടെ പേരില്‍ പട്ടയം ലഭിച്ച ഒരേക്കർ സ്ഥലത്താണ് ഇസ്മയിലും കുടുംബവും 30 വർഷമായി താമസിച്ചു വരുന്നത്. ഈ സ്ഥലത്ത് കൃഷി ചെയ്താണ് കുടുംബം കഴിയുന്നതെന്ന് ഇസ്മായില്‍ പറയുന്നു. അടുത്ത കാലം വരെ നിയമാനുസൃതമായി ഭൂമിക്ക് കരമടക്കുകയും ചെയ്തിരുന്നു. ഈ ഭൂമിയിൽ നിന്ന് 10 സെന്റ് സ്ഥലം ഇസ്മായിലിന്റെ പേരിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഈ ഭൂമിയിൽ മറ്റു ചിലര്‍ അവകാശവാദം ഉന്നയിച്ച് വന്നിട്ടുണ്ടെന്നു പറഞ്ഞ് തെക്കിൽ വില്ലേജ് ഓഫീസ് അധികൃതര്‍ സ്ഥലം കൈമാറ്റം ചെയ്യാനും ഭൂനികുതി സ്വീകരിക്കാനും വിസമ്മതിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പ്രശ്നം പിന്നീട് ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിനും നികുതി സ്വീകരിക്കുന്നതിനും തടസമുണ്ടെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
ഇസ്മായിലിന് നല്കാനുദ്ദേശിച്ച ഭൂമി സമീപത്ത് താമസിക്കുന്നവരുടെ സ്ഥലത്തേക്കുള്ള വഴിയാണെന്ന അവകാശവാദവുമുണ്ട്. എന്നാല്‍, കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രിമാർക്ക് മുമ്പാകെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച മുഴുവൻ രേഖകളും താന്‍ ഹാജരാക്കിയതാണെന്നും മന്ത്രിമാർ ഇത് സാധൂകരിച്ച് മേൽനടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നല്‍കിയതാണെന്നുമാണ് ഇസ്മയില്‍ പറയുന്നത്. ഇതു സമ്മതിച്ചു തരാതെ ഇപ്പോള്‍ റവന്യു വകുപ്പ് അധികൃതർ പുതിയ ന്യായങ്ങൾ നിരത്തുകയാണെന്നും ഇസ്മായിൽ പറയുന്നു. നിയമാനുസൃതമായി ലഭിച്ച ഭൂമി തനിക്ക് തിരിച്ചുകിട്ടും വരെ സത്യാഗ്രഹം തുടരാനാണ് ഇസ്മായിലിന്റെ തീരുമാനം.