നിര്‍മിതബുദ്ധിയുടെ ഉപയോഗം സര്‍ഗാത്മകതയെ നശിപ്പിച്ചാകരുത്: ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍
1531398
Sunday, March 9, 2025 8:11 AM IST
പെരിയ (കാസർഗോഡ്): നിര്‍മിതബുദ്ധിയുടെ ഉപയോഗം സര്‍ഗാത്മകതയെ നശിപ്പിച്ചുകൊണ്ടാകരുതെന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍. കേരള കേന്ദ്ര സര്‍വകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉള്ളിലുള്ള സര്‍ഗാത്മകതയാണ് മഹത്തായ പ്രവൃത്തികള്‍ ചെയ്യുന്നതിലേക്ക് നമ്മെ പരിവര്‍ത്തനപ്പെടുത്തുന്നത്. കൃത്രിമ ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് അതിനെ ഇല്ലാതാക്കും. വിദ്യാർഥികൾ വിജ്ഞാനം കൊണ്ട് പ്രബുദ്ധരാകണം. ക്ലാസ് മുറികളില്‍നിന്നും അധ്യാപകരില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നുവെന്നത് പ്രധാനമാണ്. സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്നത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയില്‍ മുന്നിലുള്ള ഇന്ത്യക്ക് യുവസമൂഹം കരുത്താണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്ത ഒരു രാജ്യവും അഭിവൃദ്ധിപ്പെടുകയില്ലെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ എക്കാലത്തും പ്രസക്തമാണ്. സമൂഹത്തില്‍ ലിംഗ വിവേചനമുണ്ട്. സ്ത്രീകളിലും ചിലപ്പോള്‍ പുരുഷാധിപത്യ മനോഭാവം കാണാം. സമത്വത്തിനായി എല്ലാവരും നിലകൊള്ളേണ്ടതുണ്ട്. നല്ല പ്രവൃത്തികൾ നമ്മെ കൂടുതല്‍ ശക്തരാക്കുമെന്നും ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു.
കഴിഞ്ഞവർഷം പഠനം പൂര്‍ത്തിയാക്കിയ 851 വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. 41 പേര്‍ക്ക് ബിരുദവും 727 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്ഡിയും 25 പേര്‍ക്ക് പിജി ഡിപ്ലോമയും നല്കി. വിവിധ പഠനവകുപ്പുകളില്‍ ഉന്നതവിജയം നേടി വിദ്യാര്‍ഥികള്‍ക്ക് സ്വർണമെഡലുകൾ സമ്മാനിച്ചു. എല്‍ഫ നഷീദ (ലിംഗ്വിസ്റ്റിക്സ്), എ.പി. അശ്വതി (മാത്തമാറ്റിക്സ്), പി.എസ്. അഞ്ജന (മാനേജ്മെന്റ് സ്റ്റഡീസ്), വി. അനില (കൊമേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്), സദി അനുജ്ഞ റാവു (പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്‍ഡ് പോളിസി സ്റ്റഡീസ്) എന്നിവർക്കാണ് ബഹുമതി ലഭിച്ചത്.
ചടങ്ങിൽ പങ്കെടുത്ത വിദ്യാര്‍ഥികളും അധ്യാപകരും വിശിഷ്ടാതിഥികളും വെള്ളനിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചത്. ഓരോ വിഭാഗത്തിലുമുള്ളവർ വെവ്വേറെ നിറങ്ങളിലുള്ള ഷാളുകളും ധരിച്ചു.
കേരള കേന്ദ്ര സര്‍വകലാശാല ഇതുവരെ 6162 പേര്‍ക്ക് ബിരുദങ്ങൾ നല്‍കിയതായി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. വിന്‍സന്റ് മാത്യു അറിയിച്ചു. അക്കാഡമിക് രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറ്റങ്ങളുണ്ടാക്കാൻ സര്‍വകലാശാലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. ആര്. ജയപ്രകാശ്, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാഡമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.