പിലിക്കോട് പഞ്ചായത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആദരം
1532708
Friday, March 14, 2025 12:50 AM IST
കാഞ്ഞങ്ങാട്: പൊതുജനാരോഗ്യ മേഖലയില്‍ ജനകീയ ഇടപെടലോടെ നടപ്പിലാക്കുന്ന വേറിട്ട പ്രവര്‍ത്തനനങ്ങള്‍ക്ക് പിലിക്കോട് പഞ്ചായത്തിനെ ജില്ലാ മെഡിക്കല്‍ ഓഫീസ് അനുമോദിച്ചു. ആരോഗ്യവകുപ്പിന്റെ വിളര്‍ച്ച വിമുക്ത പദ്ധതിയായ വിവയില് ഉള്‍പ്പെടുത്തി സ്ക്രീനിംഗ് പ്രവര്‍ത്തനം സംസ്ഥാനത്ത് തന്നെ ആദ്യം പൂര്‍ത്തീകരിച്ച പഞ്ചായത്താണ് പിലിക്കോട്.
പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തിയ അനീമിയ ബാധിതരായ മുഴുവന്‍ സ്ത്രീകള്‍ക്കും അയണ്‍ ഗുളിക നല്കി ചികിത്സ ലഭ്യമാക്കാനും വിളര്‍ച്ച വിമു്തരാക്കാനുമുള്ള പ്രവര്‍ത്തനം ഓലാട്ട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നടപ്പിലാക്കി വരുന്ന ആവൃത്തി എന്ന പദ്ധതിയും സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്.
ദേശീയ ആരോഗ്യദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് ഉപഹാരം നല്കി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി അവാര്‍ഡ് ഏറ്റുവാങ്ങി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ് കപ്പച്ചേരി അധ്യക്ഷതവഹിച്ചു. ഡോ.ബി.സന്തോഷ്, ഡോ.കെ.കെ.ഷാന്റി എന്നിവര്‍ സംസാരിച്ചു. ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.പി.രഞ്ജിത് സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.