കാൽപ്പാടുകളും മൃഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി
1532087
Wednesday, March 12, 2025 1:22 AM IST
അമ്പലത്തറ: പറക്കളായി ബലിപ്പാറയിൽ പുലിയുടെ കാൽപ്പാടുകളും മൃഗങ്ങളെ കൊന്നുതിന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. അങ്ങിങ്ങായി ചോരപ്പാടുകളുമുണ്ട്. ആഴ്ചകളായി പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്ന പുലി കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ തമ്പടിച്ചിരിക്കാമെന്നാണ് സൂചന. നാട്ടുകാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നുണ്ട്. നേരത്തേ പുലിയെ കണ്ട വെള്ളൂട, ബർമത്തട്ട് തുടങ്ങിയ സ്ഥലങ്ങളും ഇതിനടുത്താണ്.
ദിവസങ്ങൾക്കു മുമ്പ് ഇരിയ മുട്ടിച്ചരലിൽ സംസ്ഥാനപാതയ്ക്ക് സമീപം പുലിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. മടിക്കൈ, കോടോം-ബേളൂർ, പുല്ലൂർ-പെരിയ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ ഏക്കറുകളോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുറ്റിക്കാടുകളും വിജനമായ സ്ഥലങ്ങളും ഉള്ളതാണ് പുലിക്ക് മറഞ്ഞിരിക്കാൻ അനുകൂലമാകുന്നത്. പലയിടങ്ങളിൽ മാറിമാറി കാണുന്നതിനാൽ വനംവകുപ്പിന് കൂട് സ്ഥാപിക്കാൻപോലും കഴിയാത്ത നിലയാണ്.