ദേശീയ സാക്ഷരതാ പദ്ധതി ജില്ലയില്‍ ആരംഭിച്ചു
1532711
Friday, March 14, 2025 12:50 AM IST
കാസര്‍ഗോഡ്: 6000 പേരെ സാക്ഷരരാക്കുന്ന ദേശീയ സാക്ഷരതാ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലയുടെ സാക്ഷരതാ ശതമാനം 93ല്‍ നിന്ന് സംസ്ഥാന ശരാശരിയായ 96.2ലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ ദേശീയ സാക്ഷരതാ പദ്ധതി (ഉല്ലാസ്) പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 10 പേര്‍ക്ക് ഒരു ക്ലാസ് എന്നുള്ള രീതിയില്‍ 600 ക്ലാസ്സുകളാണ് ആരംഭിക്കുക.
എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ ആറു വരെയാണ് ക്ലാസുകള്‍. ക്ലാസെടുക്കുന്നതിനായി 600 സന്നദ്ധ അധ്യാപകരെയും തിരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ക്ക് ക്ലാസ് എടുക്കുനനരീതിയെക്കുറിച്ച് ആറു ബ്ലോക്കുകളില്‍ ആയി ദിദിന പരിശീലനം സംഘടിപ്പിക്കും. പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വേ പ്രവര്‍ത്തനം ഉടന്‍ ജില്ലയില്‍ ആരംഭിക്കും. ഓണ്‍ലൈനായാണ് സര്‍വേ പ്രവര്‍ത്തനം നടത്തുന്നത്. ഈ മാസം തന്നെ ക്ലാസുകള്‍ ആരംഭിക്കും.
ഏപ്രില്‍ 18ന് കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ അന്ന് ജില്ലയിലെ പഠിതാക്കളുടെ ജില്ലാതല സംഗമം നടത്തും. പഠിതാക്കളുടെ പ്രാദേശിക തല പഠന കലോത്സവവും പഠനയാത്രകളും സംഘടിപ്പിക്കും. ജൂണ്‍ മാസത്തില്‍ പരീക്ഷയായ മികവുത്സവം നടക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍.സരിത അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.ശ്രീധര, കെ.ഹമീദ്, ജീന്‍ ലൊവീന മെന്താരോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യാമലക്ഷ്മി, എന്മകജെ വൈസ് പ്രസിഡണ്ട് ജമീല ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്, എം.രത്നാകര, സുലോചന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, നവ കേരള മിഷന് കോഡിനേറ്റര്‍ കെ.ബാലകൃഷ്ണന്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ പി.സി.ഷിലാസ്, ജില്ലാ സാക്ഷരതാ സമിതി അംഗം കെ.വി.വിജയൻ, സി.പി.വി.വിനോദ് കുമാര്‍, രാജന് പൊയിനാച്ചി എന്നിവര്‍ സംസാരിച്ചു. തദ്ദശസ്വയംഭരണവകുപ്പ് കാസര്‍ഗോഡ് ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന് പദ്ധതി വിശദീകരിച്ചു. ദേശീയ സാക്ഷരതാ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് കില റിസോഴ്സ് പേഴ്സന്‍ പപ്പന് കുട്ടമത്ത് ക്ലാസെടുത്തു.