പാമ്പുകടിയേറ്റുള്ള മരണം: വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു
1532706
Friday, March 14, 2025 12:50 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന പാമ്പുകടിയേറ്റുള്ള മരണങ്ങള് കുറയ്ക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാതല യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എഡിഎം പി.അഖിലില്‍ അധ്യക്ഷതവഹിച്ചു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫ് നടപടികള്‍ വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ പങ്കെടുത്തു. പാമ്പുകടിയേറ്റ് ഉണ്ടാകുന്ന മരണങ്ങളും അപകടങ്ങളും നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകള്‍ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തി.
പാമ്പുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് സംസ്ഥാനതലത്തില്‍ വികസിപ്പിച്ച സര്‍പ്പ ആപ്പ് യോഗത്തില്‍ ചര്‍ച്ചയായി. പാമ്പുകളെ കണ്ടാല്‍ അതിനെ തിരിച്ചറിയുന്നതിനും രക്ഷാപ്രവര്‍ത്തകരെ ഉടന്‍ അറിയിക്കുന്നതിനുമായി ഉപയോഗിക്കാവുന്ന ഈ ആപ്പിനെ കുറിച് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണം നല്‍കേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
സുരക്ഷ ഉറപ്പാക്കാന്‍ സര്‍പ്പ ആപ്പ്
പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ കുറയ്ക്കാനും, രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാനും വനംവകുപ്പ് വികസിപ്പിച്ച ന്യൂതന ആപ്പാണ് സര്‍പ്പ. 2011 - 2024 വരെയുള്ള കാലഘട്ടത്തില്‍ ജില്ലയില്‍ 36 പേര് പാമ്പുകടിയേറ്റ് മരണപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതു മുഴുവനും വനത്തിന് പുറത്തു നടന്നിട്ടുള്ള സംഭവങ്ങളാണ്. പാമ്പുകടിയേറ്റുള്ള മരണനിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ആപ്പ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ തല യോഗത്തില്‍ തീരുമാനമായി.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. പാമ്പിന്റെ ചിത്രം അപ്ലോഡ് ചെയ്യുന്നതു വഴി അതിന്റെ ഇനം, വിഷാംശം, തുടങ്ങി പ്രധാന വിവരങ്ങള്‍ അറിയാന്‍ കഴിയും. കൂടാതെ, അടുത്തുള്ള റെസ്ക്യൂ വോളണ്ടിയര്‍മാരുടെ വിവരങ്ങളും, ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലൊക്കേഷനും ആപ്പിലൂടെ ലഭ്യമാകും. ജില്ലയില്‍ ഇതിനകം 39 പേര്‍ക്കാണ് വനംവകുപ്പിന്റെ കീഴില്‍ റെസ്ക്യൂ പരിശീലനം ലഭിച്ചത്.വനംവകുപ്പിന്റെ തന്നെ മറ്റൊരു ആപ്പ് ആയ സ്നെയ്ക്ക് പീഡിയ വഴിയും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.
പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പഞ്ചായത്ത് തലങ്ങളലും സ്കൂളുകളിലും ആശുപത്രികളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് സര്‍പ്പ ആപ്പ് വ്യാപകമായി പ്രചരിപ്പിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.