രണ്ടു രൂപയും രണ്ടു മണിക്കൂറും കർഷക സത്യഗ്രഹത്തിന്
1532089
Wednesday, March 12, 2025 1:22 AM IST
വെള്ളരിക്കുണ്ട്: വന്യമൃഗ ആക്രമണങ്ങളുൾപ്പെടെ കർഷകർ നേരിടുന്ന ജീവൽപ്രധാനമായ പ്രശ്നങ്ങളുന്നയിച്ച് വെള്ളരിക്കുണ്ടിൽ തുടങ്ങുന്ന, കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ വിജയത്തിനായി ഒരു ദിവസം രണ്ടുരൂപ സത്യാഗ്രഹ ഫണ്ടിലേക്കും ആഴ്ചയിൽ രണ്ടു മണിക്കൂർ സത്യഗ്രഹ പന്തലിലും ചെലവഴിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള കർഷകസ്വരാജ് സദസുകൾക്ക് ആനമഞ്ഞളിൽ തുടക്കമായി.
വാർഡ് മെംബർ കെ. വിഷ്ണു ഉദ്ഘാടനം ചെയ്തു. ഫാ. ജോബിൻ കാഞ്ഞിരത്തുങ്കൽ അധ്യക്ഷത വഹിച്ചു. സത്യാഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, സത്യഗ്രഹ സമിതി ഭാരവാഹികളായ ബേബി ചെമ്പരത്തി, ജോർജ് തോമസ്, മധു എസ്. നായർ, ജോർജുകുട്ടി മാടത്താനി എന്നിവർ പ്രസംഗിച്ചു. കർഷകസ്വരാജ് സത്യഗ്രഹവുമായി ബന്ധപ്പെട്ട് ആനമഞ്ഞളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അപ്പച്ചൻ പുല്ലാട്ട്, ഡോളി മാർട്ടിൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.